
സ്‌കോളിയോസിസ് കറക്ഷന്‍ സര്‍ജറിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ സംഗമം സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. 'ബാക്ക് ടുഗെദര്‍' എന്ന ഈ സംഗമത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞ ഏകദേശം 50-ഓളം പേര്‍ പങ്കെടുത്തു. തങ്ങളുടെ രോഗാവസ്ഥ, അതിനെ നേരിട്ട രീതി, ചികിത്സാ അനുഭവങ്ങള്‍, അതിജീവിച്ച പ്രതിസന്ധികള്‍, രോഗമുക്തിയിലേക്കുള്ള യാത്ര എന്നിവ അവര്‍ പങ്കുവെച്ചു.
നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ വളവിനെയാണ് സ്‌കോളിയോസിസ് എന്ന് പറയുന്നത്. ലോകജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം ഈ അവസ്ഥയിലുള്ളവരാണ്. സ്‌കോളിയോസിസ് തിരിച്ചറിയപ്പെടാതെയോ ചികിത്സിക്കപ്പെടാതെയോ ഇരിക്കുന്നത് വ്യക്തിഗത ജീവിതത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
പരിപാടിയുടെ ഉദ്ഘാടന വേളയില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, ഈ രോഗാവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കിംസ്ഹെൽത്തിലേത് ലോകത്തെ തന്നെ ഏറ്റവും മികച്ച സ്പൈൻ സെന്ററുകളിലൊന്നാണെന്നും ഇതിനായി അക്ഷീണം പ്രയത്നിച്ച ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണനെയും ടീമിനെയും ഡോ. സഹദുള്ള പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കൃത്യസമയത്തുള്ള രോഗനിര്‍ണയവും, അനിവാര്യമാണെങ്കില്‍ ശസ്ത്രക്രിയയും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ രോഗിയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സ്പൈന്‍ സര്‍ജന്‍ ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും, ഓര്‍ത്തോപീഡിക്സ് & ട്രോമ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഗ്രൂപ്പ് കോര്‍ഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീര്‍, ഫിസിക്കൽ മെഡിക്കേഷൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഹരിഹരൻ എസ്. എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. സംഗമത്തില്‍ പങ്കെടുത്ത സ്‌കോളിയോസിസ് രോഗബാധിതകരുടെ സങ്കീര്‍ണ്ണമായ രോഗാവസ്ഥകളെക്കുറിച്ചും, അവലംബിച്ച ചികിത്സാരീതികള്‍, അവരുടെ രോഗമുക്തി എന്നിവയെക്കുറിച്ചും ഡോ. രഞ്ജിത് വിശദീകരിച്ചു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതസദസ്സും ചടങ്ങിന് മാറ്റുകൂട്ടി. സ്‌പെഷ്യലിസ്റ്റ് ഓര്‍ത്തോപീഡിക് സ്പൈന്‍ സര്‍ജന്‍ ഡോ. അശ്വിന്‍ സി നന്ദി രേഖപ്പെടുത്തി.