ആലപ്പുഴ: ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി കൊലകൊമ്പൻ ആനയ്ക്ക് മുന്നിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ പാപ്പാൻ അഭിലാഷിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ രണ്ട് പാപ്പാന്മാരും പിടിയിലായി.(Baby's father arrested for the adventure in front of elephant)
കഴിഞ്ഞ ഞായറാഴ്ചയാണ് ഹരിപ്പാട് ക്ഷേത്രത്തിൽ ചോറൂണിനായി എത്തിയ അഭിലാഷ് സ്വന്തം കുഞ്ഞുമായി സാഹസം കാണിച്ചത്. കുട്ടിയുടെ പേടി മാറ്റാൻ എന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി ആനയുടെ കാലുകൾക്കിടയിലൂടെയും തുമ്പിക്കൈക്ക് അടിയിലൂടെയും കുഞ്ഞുമായി പാപ്പാന്മാർ നടന്നു.
ആനയുടെ കൊമ്പിലിരുത്താൻ ശ്രമിക്കുന്നതിനിടെ അഭിലാഷിന്റെ കൈകളിൽ നിന്ന് വഴുതിയ കുഞ്ഞ് ആനയുടെ കാലുകൾക്ക് തൊട്ടുമുന്നിലേക്ക് തലകീഴായി വീഴുകയായിരുന്നു. അത്ഭുതകരമായാണ് കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുറച്ചു മാസങ്ങൾക്ക് മുൻപ് തന്റെ പാപ്പാനെ കുത്തിക്കൊന്ന ചരിത്രമുള്ള 'ഹരിപ്പാട് സ്കന്ദൻ' എന്ന ആനയ്ക്ക് മുന്നിലായിരുന്നു ഈ അപകടകരമായ നീക്കം.