
കൊച്ചി: താരസംഘടന 'അമ്മ'യുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ആരോപണവിധേയർ മാറിനിൽക്കണമെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. ആരോപണം ഉണ്ടായപ്പോൾ താൻ മാറി നിന്നു. ബാബുരാജ് മാറി നിന്ന് നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരണം. ഒരു മാറ്റത്തിന് സ്ത്രീ നേതൃത്വത്തിൽ വരട്ടെയെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
"എനിക്കെതിരെ ആരോപണമുയർന്നപ്പോൾ ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം. ബാബുരാജിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം തിരിച്ചുവരട്ടെ. ബാബുരാജിനെപോലെ സംഘടനയെ നയിക്കാൻ കഴിവുള്ളപ്പോൾ എന്തിനാണ് മത്സരിക്കാൻ തിടുക്കം കൂട്ടുന്നത്. വ്യക്തിയേക്കാൾ വലുതാണ് സംഘടന. ഈ പറയുന്നത് ബാബു രാജ് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ." - വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, അമ്മയിലെ തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്മാറിയേക്കും. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടാണ് ജഗദീഷിനെന്നാണ് വിവരം. ഇക്കാര്യം മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ജഗദീഷ് സംസാരിച്ചു. നടന്‍ രവീന്ദ്രനും പ്രസിഡണ്ട് സ്ഥാനത്തെക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറും. ബാബുരാജിനെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍ മത്സരിക്കും. ശ്വേതാ മേനോന്‍ ആണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പത്രിക നല്‍കിയിരിക്കുന്ന വനിത. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനുമതി ലഭിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന നിലപാടിലാണ് ജഗദീഷ്.