സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു
Published on

കൊച്ചി: 2024- 2025 വര്‍ഷത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു. കൊച്ചിയിലെ റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 200 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും(KELTRON) 100 കോടി മുതല്‍ 200 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയും 50 കോടി മുതല്‍ 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡും 50 കോടി രൂപയില്‍ താഴെ വീറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിനെയും സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളായി തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള പുരസ്‌ക്കാരം ചടങ്ങില്‍ വെച്ച് മന്ത്രി പി. രാജീവ് വിതരണം ചെയ്യ്തു. കാഷ് അവാര്‍ഡും, ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 2023-24 വര്‍ഷത്തെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂര്‍ത്തിയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

മികച്ച മാനേജിംഗ് ഡയറക്ടര്‍ പുരസ്‌കാരം സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡ് എം.ഡി കമാന്‍ഡര്‍ (റിട്ടയേര്‍ഡ്) പി. സുരേഷ്, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം. ഡി ഡോ. പ്രതീഷ് പണിക്കര്‍ എന്നിവര്‍ക്കാണ്. ഒരു ലക്ഷം രൂപ വീതം കാഷ് അവാര്‍ഡും, ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

പൊതുമേഖല സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോയി ലാഭത്തില്‍ പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ പൊതുസമ്പത്ത് ഘടനയ്ക്ക് അത്യാവശ്യമാണ്. അതിനു വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതിനപ്പുറം സ്വയം മുന്നേറാനും പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു.

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് മാതൃഭൂമിയിലെ എം. എസ് രാകേഷ് കൃഷ്ണ അര്‍ഹനായി. ദേശാഭിമാനിയിലെ ഒ. വി. സുരേഷ്, മാതൃഭൂമിയിലെ ആര്‍. റോഷന്‍ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.

വ്യവസായ- വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് , വ്യവസായ- വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ് ഐഎഎസ്, കെഎസ് ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ബിപിടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്കുമാര്‍. കെ, ബിപിഇ ഡയരക്ടര്‍ എം. കെ മനോജ്, ബിപിടി മെംബര്‍ സെക്രട്ടറി സതീഷ് കുമാര്‍ പി. എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com