
അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നാണ് പറയപ്പെടുന്നത്. പാണ്ഡവന്മാരിൽ ഭീമനാണ് അവിയൽ ഉണ്ടാക്കിയതെന്നും പറയപ്പെടുന്നുണ്ട്. കഥ എന്തൊക്കെയായാലും സദ്യ ഉണ്ടോ അവിടെ മുഖ്യം 'അവിയൽ' എന്ന വിഭവമാണ്. എല്ലാ പച്ചക്കറികളും ചേർത്ത് ഉണ്ടാക്കുന്ന അവിയൽ വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമാണ്. അവിയൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമായവ
പടവലങ്ങ – 200 ഗ്രാം
വെള്ളരി – 200 ഗ്രാം
ചേന – 200 ഗ്രാം
പച്ച ഏത്തക്ക – 2 എണ്ണം
കോവയ്ക്ക – 150 ഗ്രാം
പച്ചത്തക്കാളി – 100 ഗ്രാം
പച്ചപ്പയർ – 200 ഗ്രാം
മുരിങ്ങിക്ക – 3 എണ്ണം
ക്യാരറ്റ് – 200 ഗ്രാം
വെളിച്ചെണ്ണ – 250 ഗ്രാം
തേങ്ങ – 2 എണ്ണം
പച്ചമുളക് – 150 ഗ്രാം
ജീരകം – 50 ഗ്രാം
മഞ്ഞൾപ്പൊടി
തൈര് – കാൽ ലീറ്റർ
കറിവേപ്പില – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അവിയലിനുള്ള പച്ചക്കറികൾ അരിഞ്ഞ് എടുക്കുക.
ഉരുളിയിൽ അരിഞ്ഞ കൂട്ടവും പച്ചമുളകും അൽപം ജീരകവും പാകത്തിന് വെള്ളവും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
തേങ്ങാചുരണ്ടിയതും കറിവേപ്പിലയും മഞ്ഞൾപൊടിയും ജീരകവും പൊടിച്ചെടുക്കുക.
പച്ചക്കറികൾ 80 ശതമാനം വെന്തു കഴിയുമ്പോൾ ഈ അരപ്പ് പച്ചക്കറിയുടെ മുകളിൽ ഇട്ട്, ഉപ്പും ചേർത്ത് അടച്ചുവച്ചു വേവിക്കുക. ചുവന്നുള്ളി ഇടിച്ച് വെളിച്ചെണ്ണയിൽ തിരുമ്മി അരപ്പിനു മുകളിൽ ഒഴിക്കുക. കറിവേപ്പിലയും ചേർത്ത് അവിയൽ ഇളക്കുക.
പുളി വേണമെന്നുള്ളവർ മാത്രം അൽപം തൈര് ചേർക്കുക.