അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു; വി.പി.എസ് ലേക്‌ഷോറിൽ സ്നേഹനിർഭര യാത്രയയപ്പ്

അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു; വി.പി.എസ് ലേക്‌ഷോറിൽ സ്നേഹനിർഭര യാത്രയയപ്പ്
Updated on

കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിലും സ്വപ്ന മുഹൂർത്തം സ്വന്തമാക്കാൻ ചേർത്തുപിടിച്ച വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിന്‍റെ സ്നേഹതണലിൽ നിന്ന് ആരോഗ്യവതിയായി ആവണി വീട്ടിലേക്ക് മടങ്ങി. മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെയുണ്ടായ അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ചികിത്സയുടെ 12-ാം ദിനത്തിലാണ് ആശുപത്രിവിട്ടത്. ആപത്തുകൾക്ക് തോൽപ്പിക്കാനാകാത്ത പ്രണയം ഹൃദയത്തിലേറ്റിയ പ്രിയപ്പെട്ടവൻ ഷാരോൺ അവളുടെ കൈകൾ മുറുകെ പിടിച്ചപ്പോൾ ആർദ്രമായ സ്നേഹത്തിന്‍റെ മറ്റൊരു മനോഹര മുഹൂർത്തത്തിന് കൂടി വി.പി.എസ് ലേക്‌ഷോര്‍ സാക്ഷ്യം വഹിച്ചു. ആവണിയുടെ മാതാപിതാക്കളായ എം. ജഗദീഷ്--, ജ്യോതി, സഹോദരൻ അതുൽ, ഭർതൃസഹോദരൻ റോഷൻ എന്നിവരും ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. ആവണിയുടെ കൊമ്മാടിയിലെ വീട്ടിലേക്കാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.

എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചാണ് ആവണിയെ യാത്രയാക്കിയത്. ആവണിക്കും ഭർത്താവ് ഷാരോണിനും മനോഹരമായ ഭാവി ജീവിതം ആശംസിച്ച് യാത്രയാക്കാൻ വി.പി.എസ് ലേക്‌ഷോര്‍ കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ, സി.എൻ.ഒ പത്മാവതി തുടങ്ങിയവർ സന്നിഹിതരായിരുന്നു. 'ചേര്‍ത്തു പിടിച്ചവരോട് പറഞ്ഞാൽ തീരാത്ത നന്ദി... വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാരോടും മറ്റെല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടായിരിക്കും' വിധിയെ അതിജയിക്കാന്‍ പ്രാർഥനയും പിന്തുണയുമായി കൂടെ നിന്നവരെ സാക്ഷിയാക്കി ആവണി ഒരിക്കൽ കൂടി പറഞ്ഞു...

ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആവണിയുടെ ചികിത്സ ചെലവ് വി.പി.എസ് ലേക്‌ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പൂർണമായും സൗജന്യമാക്കിയിരുന്നു.

വി.പി.എസ് ലേക്‌ഷോറിനോട് ഒരുപാട് നന്ദിയുണ്ടെന്ന് ആവണി മാധ്യമങ്ങളോട് ആവർത്തിച്ചു. താൻ അറിയാത്തവരടക്കം ഒരുപാട് പേരുടെ പ്രാർഥനകളും പിന്തുണയും ലഭിച്ചു. ലോകത്തിന്‍റെ പലഭാഗങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ഥ ഭാഷകളിലുള്ള ആളുകളും അക്കൂട്ടത്തിലുണ്ടെന്നും ആവണി പറഞ്ഞു. വി.പി.എസ് ലേക്‌ഷോറിലെ ഓരോ ഡിപ്പാർട്ടുമെൻറുകളിലെയും ആളുകൾ നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് ഷാരോൺ വ്യക്തമാക്കി. ആരോഗ്യകാര്യങ്ങൾക്കാണ് ആദ്യ പരിഗണന, ശേഷം വിവാഹ റിസപ്ഷൻ ചടങ്ങുകളെന്തെങ്കിലും നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും ഇരുവരും പ്രതികരിച്ചു.

ഇക്കഴിഞ്ഞ നവംബർ 21ന് പുലർച്ചെ വിവാഹ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ കുമരകത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്--, ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയെ തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍-, രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോൺ വി.പി.എസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തിൽ വെച്ചാണ് താലികെട്ടിയത്. അന്ന് ഉച്ചക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിൽ ആലപ്പുഴ തുമ്പോളിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റതോടെ ആവണിയെ വിദഗ്ധ ചികിത്സക്ക് വി.പി.എസ് ലേക്‌ഷോറില്‍ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രി വിവാഹം നടത്താൻ സൗകര്യമൊരുക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com