

പാലക്കാട്: പുവത്താണി പള്ളിക്കുന്നിൽ ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വെള്ളിനേഴി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പള്ളിക്കുന്ന് ഭാഗത്തെ ഇറക്കത്തിൽ വെച്ച് ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് വാഹനത്തിൽ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. ഇവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.