പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണന്റെ (4 )മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി.
അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടർന്ന് വെട്ടിച്ചപ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവർ.