തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് എന്ന് കരുതുന്ന കൂടുതൽ ചാറ്റുകളും ശബ്ദരേഖകളും പുറത്തുവന്നു. യുവതിയെ ഗർഭിണിയാക്കാൻ നിർബന്ധിക്കുന്നതും, തുടർന്ന് ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ സംസാരിക്കുന്നതുമാണ് പുതിയ വിവരങ്ങളിലുള്ളത്. പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റിൽ, യുവതിയോട് ഗർഭനിരോധന ഗുളിക കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നുണ്ട്.(Audio recordings believed to be of Rahul Mamkootathil released)
നമ്മുടെ കുഞ്ഞ് വേണം എന്നും യുവതിയോട് ചാറ്റിൽ പറയുന്നുണ്ട്. എന്നാൽ, "കൊല്ലാക്കൊല ചെയ്യരുതെന്ന്" യുവതി ശബ്ദരേഖയിൽ അപേക്ഷിക്കുന്നതായി കേൾക്കാം. പുറത്തുവന്ന ശബ്ദരേഖയിൽ യുവതിയെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. "ഡ്രാമ കളിക്കരുത്, അങ്ങനെയുള്ളവരെ തനിക്ക് ഇഷ്ടമല്ല," എന്നും യുവതിയോട് പറയുന്നു.
കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതിനിടെ, "കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളല്ലായിരുന്നോ, അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നത്?" എന്ന് യുവതി വൈകാരികമായി ചോദിക്കുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നും യുവതി പറയുമ്പോൾ, ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും ഉടൻ ആശുപത്രിയിൽ പോകാനും യുവതിയോട് പറയുന്നതായും ശബ്ദരേഖയിലുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വമോ രാഹുൽ മാങ്കൂട്ടത്തിലോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.