തൃശ്ശൂര്‍: എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശിപാർശ. ശരത് പ്രസാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജുവാണ് തീരുമാനം ജില്ല സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തത്. വിവാദങ്ങളെ തുടർന്ന് ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ.
സിപിഎം മുന്‍ സംസ്ഥാനസമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍, മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എംഎല്‍എ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരേ ശരത്പ്രസാദ് നടത്തുന്ന സംഭാഷണമാണ് രണ്ടാഴ്ച മുമ്പ് പുറത്തുവന്നത്.