ആറ്റിങ്ങൽ: മൂന്നുമുക്കിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ, ഒപ്പം താമസിച്ചിരുന്ന ലോഡ്ജ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയും ലോഡ്ജിലെ റിസപ്ഷനിസ്റ്റുമായിരുന്ന ജോബിൻ ജോർജ്ജ് (റോയ്-32) ആണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.(Attingal woman murder case, accused attacked woman over Argument over the baby )
കോഴിക്കോട് വടകര ഒഞ്ചിയം സ്വദേശിനി അസ്മിന(38) ആണ് ഗ്രീൻ ഇൻ ലോഡ്ജിലെ മുറിയിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ജോബിൻ ജോർജ്ജിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിലേക്ക് നയിച്ച സംഭവം
മൂന്ന് മാസം മുൻപാണ് മാവേലിക്കരയിലെ ലോഡ്ജിൽ പാചകക്കാരിയായിരുന്ന അസ്മിനയും അവിടെ ജീവനക്കാരനായിരുന്ന ജോബിനും പരിചയത്തിലാകുന്നത്. തുടർന്ന് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇരുവർക്കും മുൻപ് വിവാഹബന്ധങ്ങളുണ്ട്.
ഒരുമിച്ച് താമസിക്കുന്നതിനിടെ ഇവർ തമ്മിൽ വഴക്കും തല്ലുമുണ്ടായിരുന്നു. ഇത് പതിവായതോടെ ഇരുവർക്കും ജോലി നഷ്ടപ്പെടുകയും പിരിയുകയും ചെയ്തിരുന്നു. അഞ്ച് ദിവസം മുൻപാണ് ജോബിൻ ജോർജ്ജ് ആറ്റിങ്ങലിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ജോലിക്കു കയറിയത്. ഇതറിഞ്ഞ അസ്മിന ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇയാളെ അന്വേഷിച്ച് ലോഡ്ജിലെത്തി.
കൊലപാതകം നടന്നത് ഇങ്ങനെ
രാത്രി ഒന്നരയോടെ ജോബിൻ ജോർജ് മുറിയിലെത്തി അസ്മിനയുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഈ സമയത്ത് അസ്മിന തന്റെ രണ്ടാമത്തെ ബന്ധത്തിലെ കുഞ്ഞിനെ കാണാൻ പോകുന്നതിനെച്ചൊല്ലി വഴക്കുണ്ടായി.
വഴക്കിനിടെ മദ്യക്കുപ്പികൊണ്ട് ജോബിൻ ജോർജ് അസ്മിനയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ബോധംകെട്ടുവീണ അസ്മിനയുടെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ബുധനാഴ്ച പുലർച്ചെ നാലരയോടെ മുറി പൂട്ടി അസ്മിനയുടെ മൊബൈൽ ഫോണുൾപ്പെടെ എടുത്തുകൊണ്ട് പ്രതി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതിയെ പിടികൂടിയത്
ലോഡ്ജിൽനിന്നു രക്ഷപ്പെട്ട ജോബിൻ ജോർജ് കായംകുളത്ത് എത്തുകയും തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തി മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനിൽ കയറുകയും ചെയ്തു. റെയിൽവേ പോലീസിനും മറ്റ് പോലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറിയ ശേഷം പോലീസ് സംഘം ഇയാളെ വാഹനത്തിൽ പിന്തുടർന്നു. കോഴിക്കോട്ടെത്തിയ പ്രതിയെ റെയിൽവേ പോലീസിന്റെയും കോഴിക്കോട് സിറ്റി സ്ക്വാഡിന്റെയും സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം പ്രതി ഉപേക്ഷിച്ച വസ്തുക്കൾ കണ്ടെത്താൻ തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസ്മിനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനകൾക്കുശേഷം ബന്ധുക്കൾക്ക് കൈമാറി.