

തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്.
തിങ്കളാഴ്ച രാത്രി വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് സിദ്ധാർത്ഥ് ഉറങ്ങാൻ പോയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഏറെ വൈകിയിട്ടും സിദ്ധാർത്ഥിന്റെ മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ വിളിച്ചുനോക്കി. പ്രതികരണമില്ലാതായതോടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് സിദ്ധാർത്ഥിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വീട്ടുകാരുമായി ചില കാര്യങ്ങളിൽ സിദ്ധാർത്ഥ് തർക്കത്തിലായിരുന്നെന്നും ഇതിൽ മനംനൊന്താണ് കടുംകൈ ചെയ്തതെന്നുമാണ് പ്രാഥമിക നിഗമനം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണോ അതോ പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദമാണോ കാര്യമെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.