തിരുവനന്തപുരം: 2026-ലേക്ക് ലോകം ചുവടുവെക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. പുതുവർഷത്തിൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന് മുൻപായി ഡിസംബർ 31-നകം പൂർത്തിയാക്കേണ്ട ചില നിർണ്ണായക കാര്യങ്ങളുണ്ട്. പാൻ-ആധാർ ലിങ്കിംഗും ആദായനികുതി റിട്ടേണും ഇതിൽ പ്രധാനമാണ്.(Attention! If you don't do these things by December 31st, you will be fined in the new year)
സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് അത്യന്താപേക്ഷിതമാണ്. ഡിസംബർ 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് അസാധുവാകും. ഇതോടെ ബാങ്ക് അക്കൗണ്ട് തുടങ്ങാനോ വലിയ ഇടപാടുകൾ നടത്താനോ സാധിക്കില്ല.
ലിങ്ക് ചെയ്യേണ്ട വിധം
ആദായനികുതി ഇ-ഫയലിങ് പോർട്ടൽ (www.incometax.gov.in) സന്ദർശിക്കുക.
ഹോംപേജിലെ 'Link Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
പാൻ, ആധാർ നമ്പറുകൾ നൽകി 1,000 രൂപ പേയ്‌മെന്റ് പൂർത്തിയാക്കുക.
അപേക്ഷ സമർപ്പിക്കുക.
സ്റ്റാറ്റസ് പരിശോധിക്കാൻ
ഓൺലൈൻ വഴി: uidai.gov.in അല്ലെങ്കിൽ www.nsdl.com സന്ദർശിച്ച് 'Aadhaar Linking Status' പരിശോധിക്കാം.
SMS വഴി: UIDPAN <12 അക്ക ആധാർ നമ്പർ> <10 അക്ക പാൻ നമ്പർ> എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.
ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കൽ
2024-25 സാമ്പത്തിക വർഷത്തേക്കുള്ള വൈകിയതോ (Belated), പുതുക്കിയതോ (Revised) ആയ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.
വൈകിയ റിട്ടേൺ (Belated Return): സെപ്റ്റംബർ 16-നകം ഐടിആർ ഫയൽ ചെയ്യാൻ കഴിയാത്തവർക്ക് പിഴയോടെ ഡിസംബർ 31 വരെ സമയം ലഭിക്കും.
പുതുക്കിയ റിട്ടേൺ (Revised Return): നേരത്തെ ഫയൽ ചെയ്തപ്പോൾ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താനും ഈ തീയതി വരെ അവസരമുണ്ട്.
ഈ സമയപരിധി കഴിഞ്ഞാൽ 5 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ 5,000 രൂപ പിഴ നൽകേണ്ടി വരും. 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് 1,000 രൂപയാണ് പിഴ. കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234A പ്രകാരമുള്ള പലിശയും നൽകേണ്ടി വരും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇന്നുതന്നെ ഈ നടപടികൾ പൂർത്തിയാക്കുക.