പാലക്കാട്: പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറൽ, വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Attempted murder case filed against man who set fire on Palakkad house )
സംഭവം: ഇന്നലെയാണ് മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്റെ വീടിന് പ്രേംദാസ് തീയിട്ടത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിച്ചതിന് പിന്നാലെ വീടിനും തീപിടിച്ചു. ഇബ്രാഹിമിന്റെ ഇന്നോവ കാറും ഒരു സ്കൂട്ടറും പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ ഉപകരണങ്ങൾക്കും ഭാഗികമായി തീപിടിച്ചു.
വീട്ടുടമസ്ഥനായ ഇബ്രാഹിം തനിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും, ഇത് നൽകാത്തതിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി.
വീടിന് തീയിട്ട ശേഷം പ്രേംദാസ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രേംദാസ് അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഡോക്ടറുടെ അനുമതി ലഭിച്ചാലുടൻ ഇയാളുടെ മൊഴി രേഖപ്പെടുത്തും.
സംഭവം നടക്കുമ്പോൾ പ്രവാസിയായ ഇബ്രാഹിമിന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. പ്രദേശത്തുനിന്ന് ഇബ്രാഹിമിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നോട്ടീസ് പോലീസ് കണ്ടെത്തിയിരുന്നു. "എറണാകുളം ജില്ലയിലെ പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ട്, മാന്യനാണെങ്കിൽ പണം തിരികെ നൽകണം, പണം നൽകാതെ ഇബ്രാഹിം മുങ്ങി നടക്കുകയാണ്" എന്നും നോട്ടീസിൽ എഴുതിയിരുന്നു.