

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ കുഞ്ഞിൻ്റെ അച്ഛനുൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. കുഞ്ഞിൻ്റെ അച്ഛൻ, ഇടനിലക്കാരനായ ഒരു ഇതരസംസ്ഥാന തൊഴിലാളി, കുഞ്ഞിനെ വാങ്ങാനെത്തിയ ഉത്തർപ്രദേശ് സ്വദേശി എന്നിവരെയാണ് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തത്.
കുമ്മനത്തെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു കുഞ്ഞിൻ്റെ മാതാപിതാക്കൾ. ഇവരുടെ ഇളയ ആൺകുട്ടിയെ ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യു.പി. സ്വദേശികൾക്ക് വിൽക്കാനാണ് ശ്രമം നടന്നത്.അൻപതിനായിരം രൂപയ്ക്ക് കുട്ടിയെ വിൽക്കാം എന്ന് പറഞ്ഞ് ഇടനിലക്കാരൻ കുഞ്ഞിൻ്റെ അച്ഛനിൽ നിന്ന് ആയിരം രൂപ അഡ്വാൻസായി കൈപ്പറ്റി.
എന്നാൽ കുഞ്ഞിൻ്റെ അമ്മ ഇതിനെ ശക്തമായി എതിർക്കുകയും ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികളെ വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് കുമരകം പോലീസ് സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.