കൊല്ലം: ആഭിചാരക്രിയയുടെയും മന്ത്രവാദത്തിൻ്റെയും മറവിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 'ഷിനു സ്വാമി' എന്നറിയപ്പെടുന്ന മുണ്ടയ്ക്കൽ സ്വദേശി ഷിനു അറസ്റ്റിൽ. പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതി നിലവിൽ റിമാൻഡിലാണ്. ഇയാളുടെ തട്ടിപ്പുകളെക്കുറിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും കൂടുതൽ സ്ത്രീകൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.(Attempt to rape 11-year-old girl under the guise of witchcraft, arrest)
പൂജയുടെ ഭാഗമായി പ്രതി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ഈ പരാതിയെ തുടർന്നാണ് ഷിനു സ്വാമി അറസ്റ്റിലാകുന്നത്. മകളോട് ഷിനു മോശമായി പെരുമാറിയെന്ന് കുട്ടിയുടെ അമ്മയും പോലീസിനെ അറിയിച്ചു.
വിശ്വാസത്തെ മുതലെടുത്ത് ഇയാൾ പീഡിപ്പിച്ചെന്ന് മറ്റൊരു യുവതി വെളിപ്പെടുത്തി. പൂജയുടെ ഭാഗമായി കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴിയുണ്ട്. ഷിനു മന്ത്രവാദത്തിൻ്റെയും പൂജകളുടെയും പേരിൽ നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും വിവരമുണ്ട്.
ഭർത്താവുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനായി സമീപിച്ച ഒരു യുവതിയോട്, കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പതിനായിരങ്ങളാണ് ഫീസായി ആവശ്യപ്പെട്ടത്. കുടുംബം തകരുമെന്ന ഭയം കാരണം ഇയാളുടെ അതിക്രമങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് പുറത്തുപറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പല യുവതികളുമെന്ന് ഇരകൾ പറയുന്നു. ആഭിചാരക്രിയയുടെ മറവിലെ തട്ടിപ്പുകളെയും പീഡനങ്ങളെയും കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.