

തൃശൂർ: ഓടുന്ന ട്രെയിനിൽ വെച്ച് ടി.ടി.ഇയുടെ കയ്യിൽ പിടിച്ചുവലിച്ച് പുറത്തേക്ക് ചാടാൻ മദ്യലഹരിയിൽ യുവാവിന്റെ അതിക്രമം. എറണാകുളത്തെ സ്ക്വാഡ് ഇൻസ്പെക്ടറായ എ. സനൂപിനാണ് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ നിതിൻ (37) നെ ആർ.പി.എഫ്. പിടികൂടി.(Attempt to grab TTE from moving train and jump out in Thrissur)
തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പോകുന്ന ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ട്രെയിൻ ഇരിങ്ങാലക്കുട സ്റ്റേഷൻ പിന്നിട്ടപ്പോഴായിരുന്നു അതിക്രമം.
റിസർവ്ഡ് കോച്ചുകളിലൊന്നിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്ന നിലയിൽ സനൂപ് നിതിനെ കണ്ടെത്തുകയായിരുന്നു. കയ്യിലുള്ളത് ജനറൽ ടിക്കറ്റാണെന്ന് മനസ്സിലാക്കിയ ടി.ടി.ഇ., നിതിനോട് ജനറൽ കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, "ഇപ്പോൾത്തന്നെ ഇറങ്ങിക്കളയാം" എന്ന് പറഞ്ഞുകൊണ്ട് നിതിൻ സനൂപിന്റെ കയ്യിൽ മുറുക്കിപ്പിടിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു.
സമീപത്തെ കൊളുത്തിൽ പിടിത്തം കിട്ടിയതുകൊണ്ട് സനൂപ് പുറത്തേക്ക് വീഴാതെ രക്ഷപ്പെട്ടു. തുടർന്ന് പാൻട്രി ജീവനക്കാരടക്കം ഓടിയെത്തിയാണ് ഇരുവരെയും പിടിച്ച് ഉള്ളിലേക്ക് കയറ്റിയത്. ആക്രമണത്തിൽ സനൂപിന്റെ വലതുകയ്യിൽ പരുക്കേറ്റിട്ടുണ്ട്. ആർ.പി.എഫ്. കസ്റ്റഡിയിലെടുത്ത നിതിനെതിരെ നിയമനടപടികൾ സ്വീകരിച്ചു.