
റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി : കോളേജിൽ പഠിക്കുന്ന പെൺകുട്ടിയുടെ മുഖം മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ ഉണ്ടാക്കി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് വിദ്യാർത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് തസ്‌രീഫ് 21,പുത്തൻവീട്ടിൽ കൊട്ടപ്പുറം, മുഹമ്മദ് നിദാൽ 21,തയ്യിൽ, കൊട്ടപ്പുറം, മുഹമ്മദ് ഷിഫിൻ ഷാൻ 22,ചോലക്കാതൊടി പുളിക്കൽ എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്കൂൾ പഠന കാലത്തു പെൺകുട്ടിയുടെ സീനിയർ വിദ്യാർഥികളായിരുന്ന ഇവരിൽ മുഹമ്മദ് തസ്‌രീഫ് ഒരു വ്യാജ ഇൻസ്റ്റാഗ്രാം ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം പേജിൽ സന്ദേശങ്ങൾ അയക്കുകയും വിഡിയോ ദൃശ്യം അയച്ചും ഭീഷണിപെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഇക്കാര്യം കൊണ്ടോട്ടി പോലീസിൽ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് പെൺകുട്ടി തന്റെ ആഭരണങ്ങൾ പ്രതികൾക്ക് കൊടുക്കുവാൻ പോകുകയാണെന്നു മനസ്സിലാക്കി പിന്തുടർന്ന് സ്വർണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്റ്റിയിലുള്ള പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പെൺകുട്ടിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും കണ്ടെത്തി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടർന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കൊണ്ടോട്ടി ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി എം ഷമീർ, എസ് സി പി ഓ അബ്ദുള്ള ബാബു, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ അമർനാഥ്,ഋഷികേശ്, സുബ്രഹ്മണ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.