പാലക്കാട്: അട്ടപ്പാടി കരുവാര ഊരിലെ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ, കോട്ടത്തറ ആശുപത്രി അധികൃതർ പോലീസിന് നൽകിയ മൊഴി പുറത്തുവന്നു. കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് മരണത്തിന് കാരണമായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ മൊഴി നൽകി.(Attappadi tragedy, Delay in bringing children to the hospital led to their deaths)
നവംബർ 8-ന് നടന്ന ദാരുണമായ അപകടത്തിൽ ആദി (7), അജിനേഷ് (4) എന്നീ സഹോദരങ്ങളാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പ്രകാരം, ഇരു കുട്ടികൾക്കും ഗുരുതരമായ ആന്തരിക പരിക്കുകൾ ഏറ്റിരുന്നു.
ആദി (7)ക്ക് വലത് തുടയെല്ലിനും നെഞ്ചിലും പരിക്കേറ്റിരുന്നു. തുടയെല്ലിലെ മുറിവിൽ നിന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആദിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെറിയ അനക്കമുണ്ടായിരുന്നുവെന്ന് അധികൃതർ മൊഴി നൽകി. വെന്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിക്കും മുൻപ് കുട്ടി മരിച്ചിരുന്നു.
അജിനേഷ് (4) എന്ന കുട്ടിക്ക് തലക്കും നെഞ്ചിലുമാണ് ഗുരുതര പരിക്കേറ്റത്. ഇവരുടെ ബന്ധുവായ അഭിനയ (6) എന്ന കുട്ടി ഗുരുതര പരിക്കുകളോടെ നിലവിൽ ചികിത്സയിലാണ്. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിനുള്ളിലുള്ള കരുവാര ഊരിലാണ് ദുരന്തം നടന്നത്. അജയ്-ദേവി ദമ്പതികളുടെ മക്കളാണ് മരിച്ചത്.
പാതി പണി കഴിഞ്ഞ്, 8 വർഷമായി ഉപയോഗശൂന്യമായി കിടന്നിരുന്ന വീടാണ് അപകടത്തിൽ തകർന്നത്. സ്കൂൾ അവധിയായതിനാൽ കുട്ടികൾ ഈ വീടിന്റെ മേൽക്കൂരയില്ലാത്ത ഭാഗത്തുള്ള സൺഷേഡിൽ കയറി കളിക്കുന്നതിനിടയിലാണ് അപകടം.
മഴ നനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്ന വീടാണ് ഇടിഞ്ഞുവീണത്. സ്ഥിരമായി കുട്ടികളും വീട്ടുകാരും ഈ ഭാഗത്ത് കയറാറുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളെ വനം വകുപ്പിന്റെ ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.