

പാലക്കാട്: ഭൂമിക്ക് തണ്ടപ്പേർ ലഭിക്കാത്തതിനെത്തുടർന്ന് ചികിത്സയ്ക്കും ലോൺ തിരിച്ചടവിനും പണം കണ്ടെത്താനാവാതെ അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് വിഷം കഴിച്ച് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ബാങ്ക് ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഗോപാലകൃഷ്ണന്റെ ഭൂമിയിൽ ജപ്തി നടപടികൾ തുടങ്ങിയിരുന്നു.കാലിലെ അസുഖത്തിന് ചികിത്സാസഹായം ആവശ്യമായിരുന്ന ഗോപാലകൃഷ്ണന് പണം കണ്ടെത്താൻ ഭൂമി വിൽക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല.
തന്റെ കൈവശമുള്ള ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും തണ്ടപ്പേർ ലഭിക്കാത്തതിനാൽ അതിന് സാധിച്ചില്ല. മൂപ്പിൽ നായർ കുടുംബത്തിൽ നിന്ന് വാങ്ങിയ ഭൂമിയാണിത്. ഈ കുടുംബം നടത്തിയ ഭൂമി വിൽപ്പനയിൽ പരാതികൾ ഉയർന്നതോടെ ജില്ലാ കളക്ടർ ഇവിടുത്തെ റവന്യൂ നടപടികൾ തടഞ്ഞിരിക്കുകയായിരുന്നു.
താൻ വിഷം കഴിച്ച വിവരം ഗോപാലകൃഷ്ണൻ തന്നെയാണ് അട്ടപ്പാടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ച് അറിയിച്ചത്. തണ്ടപ്പേർ ലഭിക്കാത്തതിലുള്ള കടുത്ത മാനസിക വിഷമമാണ് സഹോദരനോട് പങ്കുവെച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റവന്യൂ വകുപ്പിന്റെ മെല്ലെപ്പോക്കാണ് ഗോപാലകൃഷ്ണന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.