
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഓവർ ക്രൗഡിംഗ് കുറയ്ക്കുന്നതിനായി കേരള സർക്കാർ രണ്ട് സുപ്രധാന ഉത്തരവുകൾ പുറത്തിറക്കി. 2025 ഒക്ടോബർ 10-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, അട്ടക്കുളങ്ങര വനിതാ ജയിൽ തിരുവനന്തപുരം സെൻട്രൽ പ്രിസൺ കോംപ്ലക്‌സിലേക്ക് മാറ്റി സ്ഥാപിക്കുകയും, അട്ടക്കുളങ്ങര കെട്ടിടം ഒരു താൽക്കാലിക സ്‌പെഷ്യൽ സബ് ജയിലാക്കി മാറ്റുകയും ചെയ്യും.
കൂടാതെ, ആലപ്പുഴ ജില്ലയിൽ പുതിയ ഒരു സബ് ജയിൽ ആരംഭിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലെ പഴയ വനിതാ ബ്ലോക്കിലേക്ക് അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റുമ്പോൾ, നിലവിലെ അട്ടക്കുളങ്ങര കെട്ടിടം 300 പുരുഷ തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന താൽക്കാലിക സ്‌പെഷ്യൽ സബ് ജയിലായി മാറും പുതിയ സബ് ജയിലിന്റെ പ്രവർത്തനത്തിനായി മൂന്ന് വർഷത്തേക്ക് 35 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
ഒരു ഡെപ്യൂട്ടി സൂപ്രണ്ട്, 2 അസിസ്റ്റന്റ് സൂപ്രണ്ടുമാർ, 8 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ, 24 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ എന്നീ തസ്തികളാണ് സൃഷ്ടിച്ചത്. ആലപ്പുഴയിൽ മുൻപ് ജില്ലാ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയിൽ ആരംഭിക്കുന്നതിനും 2 അസിസ്റ്റന്റ് സൂപ്രണ്ടുമാർ, 5 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ, 15 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ, 2 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ എന്നീ 24 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു.
പുതിയ ജയിൽ നിർമ്മിക്കുന്നതിന്റെ അധികച്ചെലവ് ഒഴിവാക്കാനും ജില്ലയിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനും ഈ നടപടി സഹായകമാകും. ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് 2025 ഫെബ്രുവരി 4-ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് സർക്കാർ ഈ നടപടികൾ കൈക്കൊണ്ടത്.