മൂന്നാറിൽ വിനോദ സഞ്ചാരിക്ക് നേരെയുണ്ടായ അതിക്രമം : 2 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു | Tourist

ഇനി കേരളത്തിലേക്കില്ലെന്ന് പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്
Attack on tourist in Munnar, 2 police officers suspended
Published on

ഇടുക്കി: മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് ദുരനുഭവം ഉണ്ടായ സംഭവത്തിൽ കൃത്യവിലോപം ചൂണ്ടിക്കാട്ടി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്നാർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സാജു പൗലോസ്, ഗ്രേഡ് എസ്.ഐ. ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.(Attack on tourist in Munnar, 2 police officers suspended)

മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഭവത്തെ 'ദൗർഭാഗ്യകരം' എന്ന് വിമർശിച്ചതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. ഒക്ടോബർ 30-ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിയായ ജാൻവി എന്ന അസി. പ്രൊഫസർക്കാണ് ദുരനുഭവമുണ്ടായത്. ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചപ്പോൾ, മൂന്നാറിലെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നും യുവതി തൻ്റെ സോഷ്യൽ മീഡിയ വീഡിയോയിൽ ആരോപിച്ചിരുന്നു. യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. യുവതിയിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. "വലിയ പ്രതീക്ഷയോടെയാണ് അവർ മുംബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണ്... ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ വന്ന് ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നു."

ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്ന് പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്ന് മന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com