തിരുവനന്തപുരം : ഷാഫി പറമ്പിൽ എം പിക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ നിർണായക നീക്കവുമായി കോൺഗ്രസ്. കൊടിക്കുന്നിൽ സുരേഷ് എം പി സംഭവത്തിൽ ലോക്സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി. (Attack on Shafi Parambil MP)
എം പിയ്ക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട പൊലീസ് പൊതുജന മധ്യത്തിൽ വെച്ച് മർദിച്ചുവെന്നാണ് ഇതിൽ പറയുന്നത്. പാർലമെൻ്ററി പദവിയുടെ അന്തസ് ലംഘിക്കപ്പെട്ടെന്നും, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്ന അദ്ദേഹം, സംഭവത്തിൽ റിപ്പോർട്ട് തേടണമെന്നും വ്യക്തമാക്കുന്നു.
ഷാഫി പറമ്പിലിൻ്റെ മൂക്കിൽ രണ്ടിടത്ത് പൊട്ടൽ
പോലീസ് മർദ്ദനമേറ്റ ഷാഫി പറമ്പിൽ എം പിയുടെ മൂക്കിൽ രണ്ടിടത്ത് പൊട്ടൽ. മൂക്കിന് ഇടതും വലതും ഭാഗത്തുള്ള എല്ലുകൾക്ക് പൊട്ടൽ ഉണ്ടെന്നാണ് സി സ്കാൻ റിപ്പോർട്ട്. ശസ്ത്രക്രിയ പൂർത്തിയായി. എന്നിരുന്നാലും ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിൽ തന്നെ തുടരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഷാഫി പറമ്പിൽ എം പിക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. യു ഡി എഫ് പ്രവർത്തകർ കാസർഗോഡ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ആക്രമാസക്തമായി. ഇത് സംഘർഷത്തിൽ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും, പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. പോലീസ് വാഹനങ്ങൾക്ക് മുന്നിൽ കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ മാർച്ചിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം പൊളിഞ്ഞു.
കോഴിക്കോട് ഐ ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസും പ്രവർത്തകരുമായി ഉന്തും തള്ളലും നടന്നു. മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ എത്തിയത്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും പരിഹാരമായില്ല. പ്രവർത്തകർ വലിയ തോതിൽ സംഘടിച്ച് എത്തുകയായിരുന്നു. ഇവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ മുതിർന്ന നേതാക്കൾ ഇടപെടുകയും പ്രവർത്തകരെ ശാന്തരാക്കുകയും ചെയ്‌തെങ്കിലും ഒരു കൂട്ടം പ്രവര്‍ത്തകര്‍ സ്ഥലത്ത് തന്നെ തുടർന്നു.
ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഷാഫി പറമ്പിൽ എം പിക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ല എന്ന പോലീസിൻ്റെ വാദങ്ങൾ പൊളിയുന്നു. പേരാമ്പ്രയിൽ അദ്ദേഹത്തെ പോലീസ് ലാത്തി കൊണ്ട് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തായി. ഇന്നലെ പോലീസ് നൽകിയ വിശദീകരണം ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ്. എന്നാൽ, ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശിയത്. ഷാഫിയുടെ തലയിലും മൂക്കിലും പരിക്കേറ്റിരുന്നു.
പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ മർദ്ദിച്ചതിന് പിന്നാലെ പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്ന് വിവരം. പോലീസിനെ ആക്രമിച്ചുവെന്നാണ് എഫ് ഐ ആർ. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ എന്നിവരുൾപ്പടെ 692 പേർക്കെതിരെയാണ് കേസ്. അതേസമയം, പോലീസ് നടപടിയിൽ ഷാഫിയുടെ മൂക്കിന് പൊട്ടൽ ഉണ്ടാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്ത് വരുന്നത്.