കോഴിക്കോട് : പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കർക്കും പാർലമെൻ്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകി ഷാഫി പറമ്പിൽ എം പി. പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാതി.(Attack on Shafi Parambil MP )
പേരാമ്പ്ര ഡി വൈ എസ് പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനമെന്നും, ഇക്കര്യം റൂറൽ എസ് പി സമ്മതിച്ചതാണെന്നും എം പി ചൂണ്ടിക്കാട്ടി. അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. പരാതിയിൽ റൂറൽ എസ് പി കെ ഇ ബൈജുവിനെതിരേയും പരാമർശമുണ്ട്. അദ്ദേഹം തന്നെ വിളിച്ച് ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് പറഞ്ഞുവെന്നും, പിന്നീട് പരസ്യമായി ഇക്കാര്യം നിഷേധിച്ചുവെന്നും പറയുന്ന ഷാഫി, മാധ്യമങ്ങൾക്കു മുന്നിൽ വളച്ചൊടിച്ച് പ്രസ്താവന നടത്തിയെന്നും കൂട്ടിച്ചേർത്തു.
താൻ പേരാമ്പ്രയിലെ പ്രൈഷേധ പരിപാടിയിലേക്കാണ് പോയതെന്നും, അവിടെ ക്രമസമാധാന പ്രശ്നം ഉണ്ടായിരുന്നില്ല എന്നും പറഞ്ഞ അദ്ദേഹം, പോലീസ് ഇടപെട്ട് വഷളാക്കിയെന്നും വിമർശിച്ചു. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം എന്നാണ് പാർട്ടിയിലെ ആവശ്യം. ലാത്തി പ്രയോഗത്തിൽ മൂക്കിൻ്റെ എല്ലുകൾ പൊട്ടിയ ഷാഫി പറമ്പിൽ വൈകുന്നേരത്തോടെ ആശുപത്രി വിടുമെന്നാണ് സൂചന.