ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൈനടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.(Attack on LDF candidate in Alappuzha, Case filed against 6 BJP workers for attempt to murder)
ബിജെപി ഭരണം പിടിച്ചെടുത്ത നീലംപേരൂർ പഞ്ചായത്തിലാണ് സംഘർഷം നടന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയും എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായ രാംജിത്തിനെയാണ് ബി.ജെ.പി. പ്രവർത്തകർ ആക്രമിച്ചത്. ആക്രമണത്തിൽ രാംജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരഞ്ഞെടുപ്പ് ഫലം വന്നതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി പോലീസ് നൽകുന്ന വിവരം. സംഘർഷത്തിൽ ബി.ജെ.പി. പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി കൈനടി പോലീസ് അറിയിച്ചു.