തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ഹരിത കർമ്മ സേനാംഗത്തിന് നേരെ പ്രദേശവാസിയുടെ ആക്രമണം. എടവലങ്ങ പഞ്ചായത്തിലെ കാതിയാളത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഹരിത കർമ്മ സേനാംഗം ആശ സതീഷിനാണ് മർദനമേറ്റത്.(Attack on Haritha Karma Sena member in Thrissur)
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ആശക്ക് നേരെ ആക്രമണമുണ്ടായത്. ചാക്ക് പരിശോധിച്ചപ്പോൾ അതിൽനിന്ന് വൈദ്യുതി ബില്ലും സ്കൂളിലെ പരീക്ഷാ പേപ്പറും കണ്ടെത്തി.
മാലിന്യം ഉപേക്ഷിച്ചത് താനാണെന്ന് മറ്റുള്ളവർക്ക് വ്യക്തമായതോടെ പ്രദേശവാസിയായ ഹന്ന എന്ന യുവതി ആശ സതീഷിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.