

കൊല്ലം: തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് പോയ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം. കൊല്ലത്ത് നിന്ന് പോയ തൊഴിലാളികൾക്ക് നേരെ കന്യാകുമാരി തീരത്തിന് സമീപം വെച്ചായിരുന്നു സംഭവം.(Attack on fishermen from Kollam at the Tamil Nadu coast)
തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് തൊഴിലാളികൾക്ക് നേരെ ആക്രമണം നടന്നത്. അക്രമത്തിൽ നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം കേരള ഗതാഗത വകുപ്പ് തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് മേൽ ഭീമമായ പിഴ ചുമത്തുന്നു എന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകൾ കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. കേരളത്തിലേക്ക് സർവീസ് നടത്തുന്ന 110 സ്വകാര്യ ബസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. കേരളത്തിലെ പരിശോധനയിൽ പ്രതിഷേധിച്ചാണ് ഉടമകളുടെ ഈ തീരുമാനം.
കേരള ഗതാഗത വകുപ്പ് തമിഴ്നാട്ടിൽ നിന്നും വരുന്ന ബസുകൾക്ക് മേൽ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നുവെന്നാണ് ഉടമകളുടെ പരാതി. സർക്കാർ തലത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാതെ ബസുകൾ നിരത്തിൽ ഇറക്കില്ലെന്ന് ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അൻപഴകൻ അറിയിച്ചു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന 30-ൽ അധികം ഓമ്‌നി ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയും 70 ലക്ഷം രൂപയോളം പിഴ ചുമത്തുകയും ചെയ്തിരുന്നു. കേരളത്തിലെത്തിയാൽ തങ്ങളുടെ ബസുകൾ കണ്ടുകെട്ടുമെന്ന ആശങ്കയിലാണ് ബസ് ഉടമകൾ.