കോഴിക്കോട്: കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘടിപ്പിച്ചവർക്കെതിരെ ആക്രമണം. അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിൽ പേരാമ്പ്ര സ്വദേശിയായ ഫെമിനയ്ക്ക് പരിക്കേറ്റു.(Attack on acupuncture camp, Woman and organizers injured)
നേരത്തെ കുറ്റ്യാടിയിൽ ഒരു യുവതി അക്യുപങ്ചർ ചികിത്സയിലെ പിഴവ് കാരണം മരിച്ചതായി ആരോപണം ഉയർന്നിരുന്നു. ഈ മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
അക്യുപങ്ചർ ക്യാമ്പ് സംഘാടകരുടെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സാ പിഴവിനെ തുടർന്നുണ്ടായ മരണം സംബന്ധിച്ച വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.