തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാനൂരിലുണ്ടായ വടിവാൾ ആക്രമണം: 50ഓളം CPM പ്രവർത്തകർക്കെതിരെ കേസ് | Local body election

പോലീസ് വാഹനം തകർത്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തി
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാനൂരിലുണ്ടായ വടിവാൾ ആക്രമണം: 50ഓളം CPM പ്രവർത്തകർക്കെതിരെ കേസ് | Local body election
Updated on

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വടക്കൻ കേരളത്തിലടക്കം സി.പി.എം. പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. കണ്ണൂരിലെ പാനൂരിൽ വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ 50-ഓളം സി.പി.എം. പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് വാഹനം തകർത്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് അറിയിച്ചു.(Attack in Panoor after local body election defeat, Case against around 50 CPM workers)

സംസ്ഥാനത്ത് ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യു.ഡി.എഫ്. തരംഗവും എൽ.ഡി.എഫ്. പ്രവർത്തകരെ എത്രമാത്രം അസ്വസ്ഥരാക്കി എന്നതിൻ്റെ തെളിവായിരുന്നു വിവിധ ജില്ലകളിൽ അരങ്ങേറിയ അക്രമസംഭവങ്ങൾ. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ പാനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സി.പി.എം. പ്രവർത്തകർ വടിവാൾ പ്രകടനം നടത്തി. യു.ഡി.എഫ്. പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയെത്തിയ അക്രമികൾ അഴിഞ്ഞാടുകയും ചിലർക്ക് നേരെ വാളുവീശുകയും ചെയ്തു. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യു.ഡി.എഫ്. പ്രവർത്തകർക്ക് പരിക്കേറ്റു.

കണ്ണൂർ ഉളിക്കൽ മണിപ്പാറയിൽ സി.പി.എം.-കോൺഗ്രസ് സംഘർഷമുണ്ടായി. ഏറാമലയിലെ തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നു. പോലീസ് സാന്നിധ്യത്തിലാണ് സി.പി.എം. പ്രവർത്തകർ ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടതെന്നാണ് ആരോപണം. ഏറാമലയിലെ തന്നെ ഇന്ദിരാഭവന് നേരെ നടന്ന ബോംബേറിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈകൾ തകർന്നു.

കാസർഗോഡ് ജില്ലയിലും യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി. ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകർ കോൺഗ്രസുകാരെ ആക്രമിച്ചു. തടയാൻ ശ്രമിച്ച പോലീസുകാർക്കും പരിക്കേറ്റു. ബത്തേരിയിൽ യു.ഡി.എഫ്. ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ആക്രമണത്തിൽ സ്ഥാനാർത്ഥിക്ക് അടക്കം പരിക്കേറ്റു. കമ്പിവടികൾ ഉപയോഗിച്ച് ആക്രമിക്കുകയും സഞ്ചരിച്ച വാഹനം അടിച്ചു തകർക്കുകയും ചെയ്തതായി യു.ഡി.എഫ്. പ്രവർത്തകർ പറയുന്നു. നെയ്യാറ്റിൻകരയിൽ ബി.ജെ.പി. പ്രവർത്തകരും സി.പി.എം. പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com