കോഴിക്കോട് : താമരശ്ശേരിയിൽ പരിചയം നടിച്ച് എടിഎം കാർഡ് തട്ടിയെടുത്ത് 5000 രൂപ പിൻവലിച്ചതായി പരാതി. താമരശ്ശേരിയിൽ ചുമട്ട് തൊഴിലാളിയായ ഹമീദിനാണ് പണം നഷ്ടപ്പെട്ടത്. എടിഎം കൗണ്ടറിൽ വെച്ച് സഹായം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
സംഭവം സംബന്ധിച്ച് ചുമട്ടുതൊഴിലാളി പൊലീസിൽ പരാതി നൽകി.എ ടി എം കാർഡ് ബ്ലോക്കായതിനെ തുടർന്ന് ബാങ്കിൽ നിന്നും പുതിയ എ ടി എം കാർഡ് കൈപ്പറ്റി ആക്ടിവേഷൻ നടത്തുന്നതിനായി താമരശ്ശേരി കാനറാ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ, പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് കൈക്കലാക്കി. പണം പിൻവലിക്കുന്നതിനിടെ മറ്റൊരു കാർഡ് തിരികെ നൽകി കബളിപ്പിക്കുകയായിരുന്നു. പിന്നീട് ആദ്യം 2000 രൂപയും, പിന്നീട് 3000 രൂപയും പിൻവലിച്ചതായ സന്ദേശം ഫോണിൽ വന്നപ്പോഴാണ് ഹമീദിന് ചതിക്കപ്പെട്ടതായി മനസ്സിലായത്. രണ്ട് വട്ടവും പണം തട്ടിയത് ഒരാളാണെന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.