കൊല്ലം : യുഎഇയിലെ ഷാർജയിൽ തൂങ്ങിമരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കുക.
അന്വേഷണത്തിന്റെ ഭാഗമായി ഫോൺ രേഖകളും, മൊഴിയും ഉടൻ ശേഖരിക്കും.അതുല്യയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും താൻ നിരപരാധിയെന്ന് വധവുമായി ഭർത്താവ് സതീഷ് ശങ്കർ രംഗത്തെത്തിയിരുന്നു. അതുല്യ ഗർഭഛിദ്രം നടത്തിയത് പ്രകോപിച്ചെന്നും മദ്യപിക്കുമ്പോൾ അത് ഓർമ വരുമെന്നുമാണ് പ്രതികരണം. നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.
സതീഷുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാർ പറഞ്ഞിരുന്നു. 10 വയസ്സുള്ള മകളെ കരുതി എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നെന്നും കുടുംബം. മകൻ വിളിക്കാറുപോലുമില്ലെന്ന് സതീഷിന്റെ മാതാവ് ഉഷ വെളുപ്പെടുത്തി.
ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനു സമീപത്തെ ഫ്ലാറ്റില്‍ അതുല്യ (30)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതുല്യയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തുവന്നിരുന്നു. അതേസമയം ഇപ്പോള്‍ ഷാര്‍ജ ആശുപത്രിയിലുള്ള മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.