കൊല്ലം : ഷാർജയിൽ കൊല്ലം ചവറ സ്വദേശിയായ അതുല്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഇയാൾക്ക് സംശയ രോഗം ഉണ്ടായിരുന്നുവെന്നും, ആണുമായും പെണ്ണുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല എന്നും കുടുംബം പറയുന്നു.(Athulya's death case)
സ്ത്രീകളെ ഇയാൾ അടിമ ആയാണ് കണ്ടിരുന്നതെന്നും, അതുല്യ ജോലി ചെയ്ത ജീവിക്കണമെന്നാണ് ഇപ്പോഴും പറയാറുണ്ടായിരുന്നതിനും ബന്ധു ഓർക്കുന്നു. മകളെ വളർത്താനാണ് ഭർത്താവിൻ്റെ അടി മുഴുവൻ കൊണ്ടത് എന്നും കുടുംബം പറഞ്ഞു. ഓഫീസിൽ പോകുമ്പോൾ ഭർത്താവിന് ഷൂ വരെ ധരിപ്പിച്ചു കൊടുക്കുമായിരുന്നുവെന്നും, പുറമേ സന്തോഷം ഭാവിച്ചാണ് അതുല്യ ജീവിച്ചതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
നാട്ടിലും സതീഷ് പ്രശ്നക്കാരൻ ആയിരുന്നുവെന്നാണ് വിവരം. യുവതി പിണങ്ങി വീട്ടിലെത്തിയ സമയത്ത് ഇയാൾ വീട്ടുകാരെ അക്രമിക്കാനായി എത്തിയെന്നും മദ്യപിച്ച് ഓഫീസിലെത്തിയ ഇയാൾക്ക് താക്കീത് ലഭിച്ചുവെന്നും വിവരമുണ്ട്.
അതേസമയം, സംഭവത്തിൽ കേസ് അന്വേഷണത്തിനായി എട്ടംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇത് ചവറ തെക്കുംഭാഗം എസ് എച്ച് ഒയുടെ നേതൃത്വത്തിലാണ്. സംഘത്തിന് മേൽനോട്ടം വഹിക്കുന്നത് കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവനയാണ്. ഇതിൻ്റെ ഭാഗമായി പ്രതി സതീഷ് കാട്ടിയ ക്രൂരത ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെടുക്കും. കുടുംബത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തും. പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള നീക്കം ആരംഭിച്ചു. ആവശ്യമെങ്കിൽ ലുക്ക്ഔട്ട് നോട്ടീസും ഇറക്കും.
അതേസമയം, അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് ആരംഭിച്ചേക്കും. ഇത് കേസിൽ അതീവ നിർണായകമാണ്. ഷാർജയിൽ തന്നെ ഭർത്താവിനെതിരെ നിയമനടപടികൾ ആരംഭിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടടക്കം ലഭിച്ചാൽ ഇത് തുടങ്ങാനാണ് ബന്ധുക്കളുടെ നീക്കം.