Athulya : 'അത് പോയി, ഞാനും പോണു': അതുല്യയുടെ മരണത്തിന് പിന്നാലെ താനും ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് ഭർത്താവ്

ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും, കാൽ മടങ്ങിയ നിലയിൽ ആയിരുന്നുവെന്നും സതീഷ് പറയുന്നു.
Athulya : 'അത് പോയി, ഞാനും പോണു': അതുല്യയുടെ മരണത്തിന് പിന്നാലെ താനും ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് ഭർത്താവ്
Published on

കൊല്ലം : ചവറ സ്വദേശിനിയായ അതുല്യ എന്ന 30കാരിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ താനും ജീവനൊടുക്കാൻ ശ്രമിച്ചെന്ന് ഭർത്താവ് സതീഷ്. ഇയാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് 'അത് പോയി, ഞാനും പോണു' എന്നാണ്. ഇത് താൻ തന്നെയാണ് ഇട്ടതെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും, കാൽ മടങ്ങിയ നിലയിൽ ആയിരുന്നുവെന്നും സതീഷ് പറയുന്നു. (Athulya's death case)

ചവറ സ്വദേശിനിയായ അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അവരുടെ ജന്മദിനത്തിലാണ്. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. ഇക്കാര്യം ദുബായ് കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ട്. സംഭവം നടന്നത് യു എ ഇയിൽ ആയതിനാൽ നടപടികൾ നിർണായകമാകും. അതുല്യ കൊടിയ പീഡനമാണ് അനുഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഭർത്താവ് സതീഷ് മദ്യപിച്ച് കഴിഞ്ഞാൽ വളരെ അസാധാരണമായാണ് പെരുമാറിയിരുന്നത്. യുവതി സുഹൃത്തിനയച്ച ശബ്ദരേഖയിൽ ഇക്കാര്യം വ്യക്തമാണ്.

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ ഇനിയാവർത്തിക്കില്ലെന്ന് പറഞ്ഞ് ഇയാൾ എല്ലാവരുടെയും കാലു പിടിക്കുമായിരുന്നുവെന്ന് അതുല്യ പറയുന്നു. അമ്മ മാത്രമാണ് എതിര് നിന്നതെന്നും ബാക്കിയെല്ലാവരും അയാളോട് ക്ഷമിക്കാൻ പറഞ്ഞുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്. കുഞ്ഞിൻ്റെ മുൻപിലിരുന്ന് കള്ളുകുടിക്കുന്നതിനാൽ കുട്ടിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അവർ പറയുന്നു.

സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.സതീഷ് ശങ്കർ മദ്യപിച്ച് യുവതിയെ ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതുല്യ തന്നെയാണ് ഇത് ചിത്രീകരിച്ചത്. ഇത് സഹോദരിക്ക് അയച്ച ദൃശ്യങ്ങളാണ്. മദ്യപിച്ച് ബോധമില്ലാതെ ഇയാൾ യുവതിയെ ഉപദ്രവിക്കുന്നത് ഇതിൽ കാണാൻ കഴിയും. എത്ര വീഡിയോ എടുത്താലും നിനക്കു ബോറടിക്കുന്നില്ലേ എന്ന് ചോദിക്കുന്ന ഇയാൾ വീഡിയോ ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നു. ഇയാൾ കത്തിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ഇതുമായി അവരെ ആക്രമിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കാണിക്കുന്ന ദൃശ്യങ്ങളും ഉണ്ട്.

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സതീഷിനെതിരെ പോലീസ് കേസെടുത്തത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നത്. ഭർത്താവ് മദ്യപിച്ചെത്തി മകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, മർദ്ദനത്തിൻ്റെ വീഡിയോ അതുല്യ സഹോദരിക്ക് അയച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി ലഭിച്ച 43 പവൻ സ്വർണ്ണം കുറഞ്ഞു പോയെന്നു പറഞ്ഞാണ് ഇയാൾ അതുല്യയെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇയാൾ ഇവരുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും, വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ചുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com