കൊല്ലം : ചവറ സ്വദേശിനിയായ യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അതുല്യ എന്ന 30കാരിയാണ് മരിച്ചത്. ഇവർ ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനമാണ്. (Athulya's death case)
സതീഷ് ശങ്കർ മദ്യപിച്ച് യുവതിയെ ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതുല്യ തന്നെയാണ് ഇത് ചിത്രീകരിച്ചത്. ഇത് സഹോദരിക്ക് അയച്ച ദൃശ്യങ്ങളാണ്. മദ്യപിച്ച് ബോധമില്ലാതെ ഇയാൾ യുവതിയെ ഉപദ്രവിക്കുന്നത് ഇതിൽ കാണാൻ കഴിയും.
എത്ര വീഡിയോ എടുത്താലും നിനക്കു ബോറടിക്കുന്നില്ലേ എന്ന് ചോദിക്കുന്ന ഇയാൾ വീഡിയോ ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നു. ഇയാൾ കത്തിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ഇതുമായി അവരെ ആക്രമിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കാണിക്കുന്ന ദൃശ്യങ്ങളും ഉണ്ട്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സതീഷിനെതിരെ പോലീസ് കേസെടുത്തത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നത്. ഭർത്താവ് മദ്യപിച്ചെത്തി മകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, മർദ്ദനത്തിൻ്റെ വീഡിയോ അതുല്യ സഹോദരിക്ക് അയച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനമായി ലഭിച്ച 43 പവൻ സ്വർണ്ണം കുറഞ്ഞു പോയെന്നു പറഞ്ഞാണ് ഇയാൾ അതുല്യയെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇയാൾ ഇവരുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും, വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ചുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.