
ആസ്റ്റർ മെഡ്‌സിറ്റിയുടെ ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി, സഖിയുടെ 4.0 പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന സ്തനാർബുദ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സഖി 4.0 സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയോട് ചേർന്ന് പിങ്ക് വണ്ടി എന്ന പ്രചാരണ വാഹനത്തിന്റെ ഉദ്ഘാടനവും പ്രത്യേക മെഗാ സുംബാത്തോണും അരങ്ങേറി. സ്തനാർബുദനിർണയത്തിൽ സ്വയം പരിശോധനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. സഖി 4.0 പ്രശസ്ത സംഗീത സംവിധായകൻ കൈലാസ് മേനോനും ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദറും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കണ്ണാടികൾ പതിപ്പിച്ച വ്യത്യസ്തമായൊരു ബോധവത്കരണ വാഹനമാണ് 'പിങ്ക് വണ്ടി'. വാഹനത്തിലെ ഈ കണ്ണാടികൾ സ്വയം പരിശോധനയെയാണ് പ്രതിനിധീകരിക്കുന്നത്. കണ്ണാടിയിൽ കാണുന്നത് നിങ്ങളെ തന്നെയാണ് എന്ന സന്ദേശത്തിലൂടെ, സ്വയം പരിശോധനയുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുകയാണ് പിങ്ക് വണ്ടി.
സ്തനാർബുദ പരിശോധനയുടെയും, സ്വയം പരിശോധനയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ കഴിയുന്ന ഒരു മൊബൈൽ ബോധവത്കരണ യൂണിറ്റായി 'പിങ്ക് വണ്ടി' പ്രവർത്തിക്കും. ഇത്, കുടുംബശ്രീ യൂണിറ്റുകൾ, ഐ.ടി. പാർക്കുകൾ, കോളേജുകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ കൈലാസ് മേനോൻ 'പിങ്ക് വണ്ടി' ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കു മാത്രമായി സംഘടിപ്പിച്ച, മെഗാ സൂംബത്തോണിൽ ആശുപത്രിയിലെയും, വിവിധ കോളേജുകളിൽ നിന്നുമുള്ള ഇരുന്നൂറ്റിഅമ്പതിൽ അധികം വനിതകൾ പങ്കെടുത്തു. സ്‌കിൽവേഴ്‌സിറ്റി ജോബ് കാമ്പസ്, ഐബിഐഎസ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ, സെന്റ് ആൽബർട്ട്‌സ് കോളേജ്, കളമശ്ശേരി രാജഗിരി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് മെഗാ സൂംബത്തോണിൻ്റെ ഭാഗമായത്.
കൈലാസ് മേനോൻ, ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ, റേഡിയേഷൻ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദുർഗ്ഗാപൂർണ്ണ, മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ആർ വാര്യർ, സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.