ഹൃദയചികിത്സാ രംഗത്ത് പുതുയുഗത്തിന് തുടക്കം; കേരളത്തിലെ ആദ്യ റോബോട്ടിക്-അസിസ്റ്റഡ് കാർഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി

ഹൃദയചികിത്സാ രംഗത്ത് പുതുയുഗത്തിന് തുടക്കം; കേരളത്തിലെ ആദ്യ റോബോട്ടിക്-അസിസ്റ്റഡ് കാർഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി
Published on

കൊച്ചി : സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച മൾട്ടിസ്പെഷ്യലിറ്റി ആശുപത്രികളിൽ ഒന്നായ ആസ്റ്റർ മെഡ്‌സിറ്റി. ഹൃദ്രോഗ ചികിത്സയിൽ കേരളം കൈവരിക്കുന്ന സുപ്രധാന മുന്നേറ്റങ്ങളിൽ ഒന്നാണിത്. ഗുരുവായൂർ സ്വദേശിനിയായ 42 വയസ്സുകാരി നിഷ പുരുഷോത്തമനാണ് ഈ നൂതന ശസ്ത്രക്രിയയിലൂടെ അതിവേഗം സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ നിഷയെ ഡിസ്ചാർജ് ചെയ്യാനുമായി.

അതീവ ഗുരുതരമായ ട്രിപ്പിൾ-വെസ്സൽ ഡിസീസ് എന്ന രോഗമാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മൂന്ന് ഹൃദയധമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യമാണിത്. നിഷയുടെ രോഗം വളരെ സങ്കീർണ്ണമായതിനാൽ സാധാരണ ആൻജിയോപ്ലാസ്റ്റി കൊണ്ട് രോഗം ഭേദമാക്കാൻ കഴിയില്ലായിരുന്നു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ഇത്തരത്തിലുള്ള ഓപ്പൺ ഹാർട്ട് സർജറിയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും, അതിന് ആവശ്യമായി വരുന്ന വലിയ മുറിവും, ദീർഘകാലത്തെ വിശ്രമവും നിഷയുടെ കുടുംബത്തെ ആശങ്കയിലാഴ്ത്തി. അതുകൊണ്ടാണ് അവർ നേരിയ മുറിവുകളിലൂടെ പ്രശ്നം പരിഹരിക്കാനായി മിനിമലി ഇൻവേസിവ് ശസ്ത്രക്രിയ തെരെഞ്ഞെടുത്തത്. റോബോട്ടിക് സഹായത്തോടെയുള്ള മിനിമലി ഇൻവേസിവ് ഡയറക്ട് കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയയാണ് നിഷയ്ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമാകുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ശസ്ത്രക്രിയാ സംഘം കണ്ടെത്തി. മിനിമലി ഇൻവേസിവ് കാർഡിയാക് സർജറി (എം.ഐ.സി.എസ്) തന്നെ ഒരു വലിയ മുന്നേറ്റമായിരുന്നെങ്കിലും, റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ കൃത്യതയോടെ നടപ്പാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ മികച്ച കൃത്യതയും നിയന്ത്രണവും വ്യക്തമായ കാഴ്ചയുമാണ് റോബോട്ടിക് സംവിധാനം ഡോക്ടർമാർക്ക് നൽകുന്നത്.

"ഏറ്റവും നൂതനമായ ആരോഗ്യ സേവനങ്ങൾ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആസ്റ്റർ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന്” ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രമേശ് കുമാർ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ റോബോട്ടിക് അസിസ്റ്റഡ് കാർഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് അഭിമാനകരമായ ഒരു നാഴികക്കല്ലും ഹൃദയ പരിചരണത്തിലെ ഒരു വലിയ മുന്നേറ്റവുമാണ്. ഈ നേട്ടം ഞങ്ങളുടെ മെഡിക്കൽ ടീമുകളുടെ വൈദഗ്ധ്യവും അർപ്പണബോധവും തെളിയിക്കുന്നു. മാത്രമല്ല, വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ ഏറ്റവുമാദ്യം കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം കണ്ടുപിടിത്തങ്ങൾ ശസ്ത്രക്രിയകളുടെ ഭാവിയെ പുനർനിർവചിക്കുമെന്നും സങ്കീർണ്ണമായ ചികിത്സാക്രമങ്ങൾ കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കുമെന്നും രമേശ് കുമാർ പറഞ്ഞു.

റോബോട്ടിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടൻ്റ് ഡോ. എം.എം. യൂസഫിന്റെ നേതൃത്വത്തിലുള്ള കാർഡിയോവാസ്കുലാർ തൊറാസിക് സർജറി വിഭാഗത്തിലെ സർജിക്കൽ ടീമാണ് അപൂർവമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. കാർഡിയോവാസ്കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടൻ്റുമാരായ ഡോ. മനോജ് പി. നായർ, ഡോ. ജോർജ് വർഗ്ഗീസ് കുര്യൻ, അസോസിയേറ്റ് കൺസൾട്ടൻ്റുമാരായ ഡോ. സബിൻ സാം, ഡോ. ജിഷ്ണു പള്ളിയാനി, അനസ്തേഷ്യോളജി, പെയിൻ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ സർവീസസ് വിഭാഗത്തിലെ സീനിയർ കൺസൾട്ടൻ്റ് സുരേഷ് ജി. നായർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

“റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ച് എനിക്ക് ആദ്യം ഭയമുണ്ടായിരുന്നു, പക്ഷേ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ തുടക്കം മുതൽ എനിക്ക് ധൈര്യം പകരുകയും അവസാനം വരെ കൂടെനിൽക്കുകയും ചെയ്തു” എന്ന് സർജറിക്ക് വിധേയയായ നിഷ പുരുഷോത്തമൻ പറഞ്ഞു. തന്റെ അനുഭവം പങ്കുവെയ്ക്കാനായി ആസ്റ്റർ മെഡ്‌സിറ്റിയിൽ വീണ്ടും എത്തിയതായിരുന്നു നിഷ. ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. അനിൽകുമാർ ആർ. നിഷയ്ക്ക് സ്നേഹസമ്മാനമായി ഓണക്കോടിയും നൽകി.

ശസ്ത്രക്രിയകൾക്ക് ശേഷം രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്ന എൻഹാൻസ്ഡ് റിക്കവറി ആഫ്റ്റർ സർജറി (ഇ.ആർ.എ.എസ്) പ്രോട്ടോക്കോൾ ആണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ സർജിക്കൽ ടീം പിന്തുടർന്നത്. ശസ്ത്രക്രിയ കാരണം ശരീരത്തിലുണ്ടാകുന്ന സമ്മർദ്ദങ്ങളെ നന്നേ കുറയ്ക്കുന്നതിന് റോബോട്ടിക്-അസിസ്റ്റഡ് രീതി വളരെ അനുയോജ്യമാണ്. എന്നുമാത്രമല്ല, അതിലൂടെ രോഗികൾക്ക് കാര്യമായ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ചെറിയ മുറിവുകളിലൂടെ കൂടുതൽ മികച്ച ഫലം ലഭിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിൽ ഉണ്ടാകുന്ന പാടുകൾ കുറയ്ക്കാൻ കഴിയും. രോഗികൾക്ക് വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണ്ണതകളും വേദനയും കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായകരമാണ്.

ഹൃദയ ശസ്ത്രക്രിയാരംഗത്ത് ഈ നേട്ടം ഒരു വലിയ മുന്നേറ്റമാണെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ റോബോട്ടിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടൻ്റ് ഡോ. എം.എം. യൂസഫ് പറഞ്ഞു. രോഗിയുടെ ശരീരത്തിനുള്ളിലെ സങ്കീർണ്ണമായ ഭാഗങ്ങളിലൂടെ കൃത്യതയോടെയും വ്യക്തമായ കാഴ്ചയോടും കൂടി ഓപ്പറേഷൻ നടത്താൻ അത് ഞങ്ങളെ സഹായിക്കുന്നുണ്ട്. ശസ്ത്രക്രിയയുടെ ഫലപ്രാപ്‌തി കൂട്ടുന്നതിനും രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാനും റോബോട്ടിക് സർജറിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഉപകരണങ്ങൾ കൊണ്ട് എളുപ്പത്തിൽ എത്താൻ സാധിക്കാത്ത ഇടുങ്ങിയ അവയവങ്ങൾക്കുള്ളിലേക്ക് പോലും റോബോട്ടിക് കൈകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നതിനാൽ രക്തനഷ്ടം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കാർഡിയോവാസ്കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടൻ്റ് ഡോ. ജോർജ് വർഗ്ഗീസ് കുര്യൻ വിശദീകരിച്ചു.

ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്; ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ശുഹൈബ് കാദർ, ശസ്ത്രക്രിയക്ക് വിധേയയായ നിഷ പുരുഷോത്തമൻ, ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. അനിൽകുമാർ ആർ, കാർഡിയോവാസ്കുലാർ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. മനോജ് പി. നായർ, റോബോട്ടിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടൻ്റ് ഡോ. എം.എം. യൂസഫ്, കാർഡിയോവാസ്കുലാർ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ജോർജ് വർഗ്ഗീസ് കുര്യൻ, അനസ്തേഷ്യോളജി, പെയിൻ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ സർവീസസ് വിഭാഗത്തിലെ സീനിയർ കൺസൾട്ടൻ്റ് സുരേഷ് ജി. നായർ എന്നിവർ ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com