ആസ്റ്റർ മെഡ്‌സിറ്റിയിൽ ചരിത്രനേട്ടം; ദക്ഷിണേന്ത്യയിലെ ആദ്യ 'ഓഗ്‌മെന്റഡ് റിയാലിറ്റി' കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം | Aster Med city

ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ കാഴ്ചയിലേക്ക് ഡിജിറ്റൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി.
Aster medicity
Updated on

കൊച്ചി, 29-12-2025: അത്യാധുനിക സാങ്കേതികവിദ്യയായ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) ഉപയോഗിച്ചുള്ള കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. ചേർത്തല സ്വദേശിയായ 57 വയസ്സുകാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആസ്റ്റർ മെഡ്‌സിറ്റിയിലെ ലീഡ് കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. വിജയമോഹന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. (Aster Med city)

ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ കാഴ്ചയിലേക്ക് ഡിജിറ്റൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി. കാൽമുട്ടിലെ ഇംപ്ലാന്റുകളുടെ സ്ഥാനം, അലൈൻമെന്റ്, മൃദുവായ കലകളുടെ സന്തുലിതാവസ്ഥ എന്നിവ നൂറു ശതമാനം കൃത്യതയോടെ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. ശസ്ത്രക്രിയയ്ക്കിടയിലുണ്ടാകാൻ സാധ്യതയുള്ള ചെറിയ പിഴവുകൾ പോലും പൂർണ്ണമായും ഒഴിവാക്കാനും ശസ്ത്രക്രിയ അതീവ സുരക്ഷിതമായി പൂർത്തിയാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

രോഗീ കേന്ദ്രീകൃതമായ ചികിത്സാ രീതിയിലെ വലിയൊരു ചുവടുവെപ്പാണിതെന്ന് ഡോ. വിജയമോഹൻ വ്യക്തമാക്കി. സങ്കീർണ്ണമായ ശരീരഘടന കൃത്യമായി കാണാൻ സഹായിക്കുന്നതിലൂടെ മികച്ച ഫലങ്ങൾ നൽകാൻ എ ആർ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയ്ക്കിടയിൽ അസ്ഥികളിലും കലകളിലും ഉണ്ടാകുന്ന അനാവശ്യമായ ആഘാതങ്ങൾ ഒഴിവാക്കാനും പിഴവില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കാനും ഇതിലൂടെ സാധിക്കുന്നു. കൂടാതെ, ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന രക്തസ്രാവവും ടിഷ്യു നാശവും കുറയ്ക്കാനും സാധിക്കും. പരമ്പരാഗത രീതികളെ അപേക്ഷിച്ച് രോഗിക്ക് വേദന കുറവായതിനാലും മുറിവുകൾ കുറവായതിനാലും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും.

ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കാനുള്ള ആസ്റ്റർ മെഡ്‌സിറ്റിയുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ നേട്ടമെന്ന് ആശുപത്രി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അതിവേഗം സുഖം പ്രാപിച്ചതായും മികച്ച ചലനക്ഷമത കൈവരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com