
തലയിലെയും കഴുത്തിലെയും അർബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല രൂപീകരിച്ച് ആസ്റ്റർ മെഡ്‌സിറ്റി.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാൻസർ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്ക് – കേരള ക്ലസ്റ്റർ.
കേരള ക്ലസ്റ്റർ, ആസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആസ്റ്റർ ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് വിപുലമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കാനാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
'ഹബ്-ആൻഡ്-സ്പോക്ക്' മാതൃകയിലാണ് ഈ ശൃംഖല പ്രവർത്തിക്കുക. രോഗികൾക്ക് അവർ താമസിക്കുന്നയിടത്ത് നിന്നും ഏറ്റവും അടുത്തുള്ള ആസ്റ്റർ ആശുപത്രികളിൽ നിന്നുതന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ചികിത്സയും തുടർചികിത്സയും ലഭിക്കും എന്നതാണ് പ്രത്യേകത. ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹബ്ബിൽ നിന്ന് മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോർഡുകൾ, കേന്ദ്രീകൃത ചികിത്സാപദ്ധതികളുടെ ആസൂത്രണം, നൂതന ശസ്ത്രക്രിയാ പിന്തുണ എന്നിവയുടെ പ്രയോജനങ്ങളും ലഭിക്കും.
"ലോകോത്തര നിലവാരമുള്ളതും ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കാൻസർ പരിചരണം കേരളത്തിലെ ഓരോ രോഗിക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷോൺ ടി. ജോസഫ് പറഞ്ഞു. പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം, പ്രാദേശികതലത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അഗ്രഗണ്യരായ ഡോക്ടർമാരുടെ മൾട്ടിഡിസിപ്ലിനറി പിന്തുണയാണ് രോഗികൾക്ക് ലഭിക്കുക. ഓറൽ ഓങ്കോളജി ആൻഡ് റീകൺസ്ട്രക്ഷൻ, തൈറോയ്ഡ് കാൻസർ ലാറിംഗോളജി, മിനിമലി ഇൻവേസിവ് സർജറി ആൻഡ് റോബോട്ടിക് സർജറി യൂണിറ്റുകൾ, സ്പീച്ച് ആൻഡ് സോളോവിങ് റീഹാബിലിറ്റേഷൻ, ഓങ്കോസൈക്കോളജി എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. രോഗികളുടെ വിവരങ്ങളും പുരോഗതിയും ആഴത്തിൽ മനസ്സിലാക്കുന്നതിനായി ഡാറ്റാ സയന്റിസ്റ്റുകളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ആഗോള കാൻസർ ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എല്ലാ പ്രവർത്തനങ്ങളും. അന്താരാഷ്ട്ര നിലവാരമുള്ള ഇമ്മ്യൂണോതെറാപ്പി പ്രോട്ടോക്കോളുകൾ ചികിത്സാപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംയുക്ത ട്യൂമർ ബോർഡുകളും അക്കാദമിക് പ്രോഗ്രാമുകളും അനുബന്ധമായി നടത്തും.
"അത്യാധുനിക സാങ്കേതികവിദ്യയും കേരളത്തിൽ ആസ്റ്ററിനുള്ള വലിയ ആശുപത്രി നെറ്റ്‌വർക്കുമാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. തല, കഴുത്ത് എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന എല്ലാത്തരം അർബുദത്തിനും ഈ ശൃംഖലയിൽ ചികിത്സയുണ്ടാകും. അതിനി എത്ര സങ്കീർണമായ സാഹചര്യങ്ങളാണെങ്കിലും. ഓരോ മേഖലയിലും കണ്ടുവരുന്ന കാൻസറിന്റെ പ്രാദേശികമായ പ്രത്യേക പ്രവണതകൾ കൂടി കണ്ടെത്താനും രോഗി കേന്ദ്രീകൃതവും വ്യക്തിഗതവുമായ വിദഗ്ദ്ധ പരിചരണം നൽകാനും ഈ കേന്ദ്രത്തിന് കഴിയുമെന്നും" ഡോ. നളന്ദ ജയദേവ് പറഞ്ഞു.
"ഈ നെറ്റ്‌വർക്കിന്റെ ഭാഗമായിട്ടുള്ള ഓരോ പ്രാദേശിക കേന്ദ്രങ്ങളും മാറിക്കൊണ്ടിരിക്കുന്ന അർബുദ രീതികളെക്കുറിച്ച് മികച്ച രീതിയിൽ വിവരശേഖരണം നടത്തുകയും ഗവേഷണങ്ങളിൽ അതുപകരിക്കുകയും ചെയ്യും. ഓരോ രോഗിയുടെയും അവസ്ഥകൾ മനസ്സിലാക്കിക്കൊണ്ടുള്ള, പ്രത്യേക ചികിത്സാരീതികൾ രൂപപ്പെടുത്തിയെടുക്കാൻ ഇതിലൂടെ സാധിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ചികിത്സയ്ക്ക് ആവശ്യമുള്ള തുക ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ചെയ്തുനൽകുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ അറിയിച്ചു.
ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്കിൽ നിരവധി പ്രത്യേക വിഭാഗങ്ങളുണ്ട്.
- വായിലെ മുഴകൾ (ഓറൽ കാൻസർ) നീക്കം ചെയ്യുന്നതിനും മൈക്രോവാസ്കുലർ ഫ്ലാപ്പുകൾക്കും ഊന്നൽ നൽകുന്ന ഓറൽ ഓങ്കോളജി ആൻഡ് റീകൺസ്ട്രക്ഷൻ.
- എം.ഡി.ടിയുടെ നേതൃത്വത്തിലുള്ള സമഗ്രമായ തൈറോയ്ഡ് പരിശോധന നൽകുന്ന തൈറോയ്ഡ് നോഡ്യൂൾ ക്ലിനിക്ക്.
- ആൻഡ്, ടിഎൽഎം , എൻഡോസ്കോപ്പിക് സ്കൾ ബേസ് പ്രൊസീജറുകൾ നൽകുന്ന എംഐഎസ് ആൻഡ് റോബോട്ടിക് സർജറി യൂണിറ്റ്.
- ശബ്ദം സംരക്ഷിക്കുന്നതിനും പ്രൊഫഷണൽ ശബ്ദ പരിചരണത്തിനും പ്രാധാന്യം നൽകുന്ന ലാറിംഗോളജി ആൻഡ് വോയിസ് വിഭാഗം.
- അഡ്വാൻസ്ഡ് ആന്റീരിയർ/ലാറ്ററൽ സ്കൾ ബേസ് ട്യൂമറുകൾ കൈകാര്യം ചെയ്യുന്ന സ്കൾ ബേസ് ആൻഡ് ക്രാനിയോഫേഷ്യൽ ട്യൂമർ വിഭാഗം.
- സൗന്ദര്യാത്മകമായ പാറോട്ടിഡെക്ടമി, നെർവ് മാപ്പിംഗ്, റീഅനിമേഷൻ എന്നിവ ഉൾപ്പെടുന്ന സലൈവറി ആൻഡ് ഫേഷ്യൽ നെർവ് വിഭാഗം.
- സംഭാഷണം, ഭക്ഷണം കഴിച്ചിറക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം, പോഷകാഹാരം, പ്രോസ്തറ്റിക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർവൈവർഷിപ്പ് ആൻഡ് റീഹാബിലിറ്റേഷൻ.
- നിർമിതബുദ്ധി, മോളിക്യുലാർ പ്രൊഫൈലിംഗ്, ബയോബാങ്കിംഗ് എന്നിവ ഉപയോഗിക്കുന്ന ട്രാൻസ്ലേഷണൽ റിസർച്ച്.
- സ്ക്രീനിംഗ്, എ.ഐ സഹായത്തോടെയുള്ള ഇമേജിംഗ്, റിസ്ക് സ്ട്രാറ്റിഫിക്കേഷൻ എന്നിവ ഉൾപ്പെടുന്ന കാൻസർ ഡിറ്റക്ഷൻ ആൻഡ് ഡയഗ്നോസ്റ്റിക്സ് എന്നിവയും ഈ ശൃംഖലയിലുണ്ട്.
"അർബുദ ബാധയുടെ പ്രാദേശിക പ്രവണതകൾ നോക്കുമ്പോൾ, കേരളത്തിലെ കാൻസർ രജിസ്ട്രി ഡാറ്റ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചില വ്യതിയാനങ്ങൾ കാണിക്കുന്നുണ്ടെന്ന് ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ആർ വാരിയർ പറഞ്ഞു. ഉദാഹരണത്തിന്, കേരളത്തിലെ ഓറൽ കാവിറ്റി കാൻസറുകളുടെ കാരണങ്ങൾ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക, പ്രാദേശിക വിഭാഗങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. തലയിലും കഴുത്തിലും ഉണ്ടാകുന്ന അർബുദങ്ങൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കാൻ ഈ പ്രോഗ്രാമിന് കീഴിൽ നൂതന സാങ്കേതികവിദ്യയും മൾട്ടി-ഡിസിപ്ലിനറി സമീപനവും ഉണ്ടായിരിക്കും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായിലെയും ഉമിനീർ ഗ്രന്ഥിയിലെയും അർബുദ പരിചരണത്തിന് അത്യാധുനിക സൗകര്യങ്ങളാണ് ആസ്റ്റർ മെഡ്സിറ്റിയിൽ ഉള്ളത്. മുഖസൗന്ദര്യത്തെ ബാധിക്കാതെയും വൈകല്യങ്ങൾക്ക് ഇടനൽകാതെയും ഈ മുഴകൾ നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകൾ ഇപ്പോൾ ആസ്റ്റർ മെഡ്‌സിറ്റിയിലൂടെ കേരളത്തിലും ലഭ്യമാണ്. വരുംദിവസങ്ങളിൽ ഇതിനായി ഏറ്റവും പുതിയ ശസ്ത്രക്രിയകളും പ്ലാസ്റിക് സർജറി സംവിധാനങ്ങളും ഉൾപ്പെടുത്തി ചികിത്സാസൗകര്യങ്ങൾ വിപുലീകരിക്കും. വേദന പരമാവധി കുറച്ചുകൊണ്ടും വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കിയുമുള്ള ചികിത്സാപദ്ധതികളാണ് ആസ്റ്റർ മുന്നോട്ടുവെക്കുന്നത്. ഇതിനായുള്ള പ്രത്യേക ‘മിനിമൽ ആക്‌സസ്” രീതിയാണ് അവലംബിക്കുന്നത്. മുഖത്തിന്റെ സ്വാഭാവിക രൂപവും പ്രവർത്തനവും വീണ്ടെടുക്കാൻ മൈക്രോവാസ്കുലർ, ത്രിമാന പുനർനിർമ്മാണ ശസ്ത്രക്രിയകളും ലഭ്യമാണ്. ശബ്ദനാളിയിലെ (ലാരിഞ്ചിയൽ) പ്രാരംഭ ഘട്ടത്തിലുള്ള കാൻസറുകൾക്ക് ലേസർ ചികിത്സയും ഉണ്ട്. അവയവം നഷ്ടപ്പെടുത്താതെ തന്നെ ഒറ്റദിവസം കൊണ്ട് ചികിത്സ പൂർത്തിയാക്കി രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. ഇതിനെല്ലാം പുറമെ റോബോട്ടിക് തൈറോയ്ഡെക്ടമി, ട്രാൻസോറൽ റോബോട്ടിക് സർജറികൾ എന്നിവയും ലഭ്യമാണ്. പുറമെ പാടുകൾ ഒന്നും അവശേഷിപ്പിക്കാതെ അതീവകൃത്യതയോടെ അർബുദമുഴകൾ സുരക്ഷിതമായി നീക്കം ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സങ്കീർണ്ണമായ ട്യൂമറുകൾ നീക്കം ചെയ്യാൻ എൻഡോസ്കോപ്പിക്, മിനിമലി ഇൻവേസിവ് സ്കൾ ബേസ് സർജറികളും ആസ്റ്റർ മെഡ്‌സിറ്റി വാഗ്ദാനം ചെയ്യുന്നു.
കൊച്ചിയിൽ നടന്ന പ്രസ് കോൺഫെറൻസിൽ ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദർ, കേരള ക്ലസ്റ്റർ, ആസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ഷോൺ ടി. ജോസഫ്, ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ആർ വാരിയർ എന്നിവർ സംസാരിച്ചു.