കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം
Published on

കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ കുഴൽ മാത്രം ഉപയോഗിച്ച് ഫോണ്ടൻ ചികിത്സ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. കുട്ടികളുടെ ഹൃദ്രോഗചികിത്സയിൽ കേരളത്തിലെ ആരോഗ്യരംഗം കൈവരിയ്ക്കുന്ന വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. ജന്മനാ ഹൃദ്രോഗം ബാധിച്ച രണ്ട് കുട്ടികളിലാണ് കേരളത്തിൽ മറ്റാരും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഈ പ്രത്യേക ചികിത്സാരീതി വിജയകരമായി പൂർത്തിയാക്കിയത്.

ആരോഗ്യമുള്ള വ്യക്തികളിൽ ഹൃദയത്തിൽ നാല് അറകൾ ഉണ്ടാകും - മുകളിലും താഴെയും രണ്ടെണ്ണം വീതം. ഹൃദയത്തിന്റെ താഴ്ഭാഗത്ത് ഒരു അറയുമായി മാത്രം ജനിക്കുന്ന കുട്ടികളിലാണ് സാധാരണ ഫോണ്ടൻ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഈ അവസ്ഥയിൽ ശ്വാസകോശത്തിൽ ആവശ്യത്തിന് രക്തം എത്തിക്കാൻ കഴിയാതെ വരും. സാധാരണഗതിയിൽ ഹൃദയം തുറന്ന് നടത്താറുള്ള (ഓപ്പൺ ഹാർട്ട് സർജറി) ശസ്ത്രക്രിയയിലൂടെയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. എന്നാൽ ശസ്‌ത്രക്രിയയും രക്തനഷ്ടവും ഇല്ലാതെ തന്നെ ഈ ലക്‌ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജിയുടെ നേട്ടം.

ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നു ഇടുക്കി സ്വദേശിനിയുടെ ജനനം. പൾമണറി അട്രീഷ്യ, ഇണ്ടാക്ട് വെൻട്രിക്യുലാർ സെപ്റ്റം എന്നീ പ്രശ്നങ്ങളാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കുന്നതിന് ജനിച്ചയുടൻ തന്നെ “ഗ്ലെൻ ഷണ്ട്” എന്നറിയപ്പെടുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചാം വയസിൽ വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം വന്നു. രക്തസ്രാവമോ രക്തകൈമാറ്റമോ കൂടാതെ ശസ്ത്രക്രിയ പൂർത്തിയാക്കണമെന്ന് കുട്ടിയുടെ കുടുംബത്തിന് നിർബന്ധമുണ്ടായിരുന്നു. ശസ്ത്രക്രിയയല്ലാത്ത മറ്റുമാർഗങ്ങൾ തേടിയാണ് കുട്ടിയുടെ രക്ഷിതാക്കൾ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിയത്. കൃത്യവും വിശദവുമായ പ്ലാനിങ്ങിന് ശേഷമാണ് കത്തീറ്ററിലൂടെ ചികിത്സ പൂർത്തിയാക്കാൻ തീരുമാനിച്ചത്. രക്തയോട്ടം തടസ്സപ്പെട്ട ഭാഗത്ത് ഒരു കത്തീറ്റർ കടത്തിവിട്ട് രക്തയോട്ടം സാധ്യമാക്കിയതോടെ കുഞ്ഞിന് വലിയ ആശ്വാസമായി. ചികിത്സ വിജയകരമായി പൂർത്തിയാക്കി അഞ്ചാം ദിവസം കുട്ടി ആശുപത്രി വിട്ടു. രണ്ട് മാസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തി. ശസ്ത്രക്രിയ കൂടാതെ കത്തീറ്റർ ഉപയോഗിച്ച് നടത്തുന്ന ഫോണ്ടൻ ചികിത്സയ്ക്കും മികച്ച ഫലപ്രാപ്തി കിട്ടുമെന്ന് അതോടെ ഉറപ്പായി.

പിന്നീട് എറണാകുളം ജില്ലയിൽ നിന്നുള്ള നാലരവയസുകാരനും ഇതേ ചികിത്സയിലൂടെ രോഗമുക്തി നേടി. ഹൃദയത്തിന്റെ മുകളിലെ രണ്ട് അറകളിൽ നിന്നുള്ള ധമനികൾ താഴത്തെ രണ്ട് അറകളിലേക്ക് എത്തുന്നതിന് പകരം ഒരു കീഴറയിൽ മാത്രം ചെന്നെത്തുന്ന അവസ്ഥയായ “ഡബിൾ ഇൻലെറ്റ് ലെഫ്റ്റ് വെൻട്രിക്കൽ” എന്ന രോഗമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. നേരത്തെ രണ്ട് തവണ കുട്ടിക്ക് പാലിയേറ്റിവ് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. മൂന്നാമത് വീണ്ടും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ മാതാപിതാക്കൾക്ക് മാനസികമായി ബുദ്ധിമുട്ടനുഭവപ്പെട്ടു. സിടി സ്കാൻ ഉപയോഗിച്ച് വിശദമായ പരിശോധനകൾ നടത്തിയ ശേഷം ട്രാൻസ്‌കത്തീറ്റർ ഫോണ്ടൻ ചികിത്സ നടത്തുകയായിരുന്നു. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഈ കുഞ്ഞും അതിവേഗം സുഖം പ്രാപിച്ചു.

കുട്ടികൾക്ക് ജന്മനാ ഹൃദ്രോഗമുള്ളതിനാൽ വിഷമത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വൈദ്യശാസ്ത്ര മുന്നേറ്റമാണ് ആസ്റ്റർ മെഡ്‌സിറ്റി കൈവരിച്ചിരിക്കുന്നത്. ഏറെ ഫലപ്രദമായ ഈ ചികിത്സാരീതി കേരളത്തിൽ ആദ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com