വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ; രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം

വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ;
രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം
Published on

രാജ്യത്തെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ, നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഈ വ‍ർഷം ജൂലൈ മുതൽ സെപ്റ്റംബ‍ർ 30 വരെയുള്ള കാലയളവിലെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഈ പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1,197 കോടിയായി വ‍ർധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വ‍ർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ പത്ത് ശതമാനത്തിന്റെ വ‍ർധനവാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ പ്രവർത്തന ലാഭവും (ഓപ്പറേറ്റിംഗ് എബിറ്റ്ഡ) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് 22 ശതമാനം വർധിച്ച് 263 കോടി രൂപയിലെത്തി. എബിറ്റ്ഡ മാർജിനുകൾ 22 ശതമാനമായും മെച്ചപ്പെട്ടു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 21.4 ശതമാനത്തേക്കാളും, നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ 20 ശതമാനത്തേക്കാളും കൂടുതലാണ്. നോൺ-കൺട്രോളിംഗ് ഇൻ്ററസ്റ്റ് കിഴിച്ചുള്ള കമ്പനിയുടെ സാധാരണ ലാഭം (നോർമലൈസ്ഡ് പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനവും, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23 ശതമാനവും വർധിച്ച് 110 കോടി രൂപയിലെത്തി.

പ്രവർത്തന മികവിലും, സേവനത്തിലും ആസ്റ്റർ പുലർത്തുന്ന അചഞ്ചലമായ സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നതാണ്, ഈ സാമ്പത്തിക ഫലമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പ്രവർത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വ‍ർഷത്തേക്കാൾ 13 ശതമാനവും, നടപ്പ് സാമ്പത്തിക വ‍ർഷത്തിലെ ആദ്യ പാദത്തേക്കാൾ 22 ശതമാനവും വ‍ർധിച്ചു. ഇത് ചിലവുകളുടെ നിയന്ത്രണവും, പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും മെച്ചപ്പെട്ടതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസ്റ്ററിൻ്റെ കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള ശ്രദ്ധേയമായ മുന്നേറ്റവും ഡോ. ആസാദ് മൂപ്പൻ എടുത്തു പറഞ്ഞു. 620 കോടി രൂപയുടെ ഏറ്റവും ഉയർന്ന ത്രൈമാസ വരുമാനമാണ് രേഖപ്പെടുത്തിയത്. ഇത് മുൻ പാദത്തേക്കാൾ 12 ശതമാനം കൂടുതലാണ്. ഇൻപേഷ്യൻ്റ് വോളിയത്തിൽ 13 ശതമാനവും, മെഡിക്കൽ വാല്യൂ ട്രാവൽ വരുമാനത്തിൽ 67 ശതമാനവും വർധനവുണ്ടായതാണ് ഈ വളർച്ചക്ക് കാരണം. കേരളത്തിൻ്റെ പ്രവർത്തന ലാഭം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധിച്ചു. മാർജിനുകൾ ഒരു വർഷം മുൻപുള്ള 25 ശതമാനത്തിൽ നിന്ന് 26.8 ശതമാനമായി ഉയർന്നു. നേതൃത്വത്തിലെയും പ്രവർത്തന രീതികളിലെയും മെച്ചപ്പെടുത്തലുകൾ, എം.വി.ടി. പങ്കാളിത്തങ്ങളുടെ പുനരുജ്ജീവനം എന്നിവയെ തുടർന്നാണ്, മികച്ച പ്രകടനം നടത്താനായത്. വടക്കൻ കേരളത്തിലെ ആസ്റ്ററിൻ്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്ന, 264 കിടക്കകളുള്ള ആസ്റ്റർ കാസർകോട് ആശുപത്രിയുടെ വരവോടെ, ഈ മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള കമ്പനിയുടെ ലയനത്തിൻ്റെ പുരോഗതിയെക്കുറിച്ചും ഡോ. ആസാദ് മൂപ്പൻ സംസാരിച്ചു. ഓഹരി വിപണികളിൽ നിന്ന് ഇതിനോടകം നോ-ഒബ്ജക്ഷൻ ലെറ്ററുകൾ ലഭിച്ചിട്ടുണ്ട്. ഈ ലയനം ഇന്ത്യയിലെ ഏറ്റവും സമഗ്രവും ഏകീകൃതവുമായ ആരോഗ്യ സേവന ശൃംഖലകളിലൊന്നായി ആസ്റ്ററിനെ മാറ്റും. ഡിജിറ്റൽ ഹെൽത്ത് കെയ‍ർ മേഖലയിൽ നടത്തുന്ന തുടർച്ചയായ നിക്ഷേപങ്ങളും, ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും, ‌ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ സുസ്ഥിരമായ ദീർഘകാല വളർച്ചയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസ്റ്ററിന്റെ ഇന്ത്യയിലെ പ്രകടനം

ആസ്റ്ററിൻ്റെ ഇന്ത്യയിലെ പ്രകടനം മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും രണ്ടക്ക വാർഷിക വളർച്ച രേഖപ്പെടുത്തി. കേരളത്തിലെ വരുമാനത്തിലുള്ള ശക്തമായ തിരിച്ചുവരവ്, അന്താരാഷ്ട്ര വരുമാനത്തിലെ വർധനവ്, നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എന്നിവ ഇതിന് പിന്തുണ നൽകി. ആസ്റ്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയവരുടെ എണ്ണം മുൻ പാദത്തേക്കാൾ 15 ശതമാനം വർധിച്ചു. ഇതിൽ ഇൻപേഷ്യൻ്റ് വോളിയം 12 ശതമാനവും, ഔട്ട്പേഷ്യൻ്റ് വോളിയം 15 ശതമാനവും വർധിക്കുകയും ചെയ്തു. കിടക്കകൾ ഉപയോഗിക്കുന്നതിൻ്റെ തോത് നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ 59 ശതമാനത്തിൽ നിന്ന്, രണ്ടാം പാദത്തിൽ 64 ശതമാനമായി മെച്ചപ്പെട്ടു. എം.വി.ടി. വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനവും, മുൻ പാദത്തേക്കാൾ 60 ശതമാനവും വ‍ർധിച്ചു. ഓങ്കോളജി വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനമായി കൂടി. ഇത് മൊത്തം വരുമാനത്തിൻ്റെ 11 ശതമാനമാണ് (കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 9 ശതമാനമായിരുന്നു).

എല്ലാ പ്രാദേശിക മേഖലകളിലും ഇൻ പേഷ്യന്റ് എണ്ണം മെച്ചപ്പെട്ടു. കേരളത്തിൽ ഇത് മുൻ പാദത്തിലെ 64 ശതമാനത്തിൽ നിന്ന് 69 ശതമാനമായി വർധിച്ചു. കർണാടക- മഹാരാഷ്ട്ര മേഖലയിൽ 56 ൽ നിന്ന് 62 ശതമാനവും, ആന്ധ്ര- തെലങ്കാന മേഖലയിൽ 50ൽ നിന്ന് 55 ശതമാനമായും ഉയർന്നു. കേരളത്തിലെ രോഗികളുടെ എണ്ണം മുൻ പാദത്തേക്കാൾ 17 ശതമാനം വർധിച്ചത്, പാദാനുപാദ വരുമാന വളർച്ച 12 ശതമാനമാകാൻ സഹായിച്ചു. മുൻ പാദത്തേക്കാൾ 16 ശതമാനം രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിൻ്റെ പിന്തുണയോടെ, ആന്ധ്ര- തെലങ്കാന മേഖലയിൽ 14 ശതമാനം പാദാനുപാദ വരുമാന വളർച്ച രേഖപ്പെടുത്തി. ഇവിടുത്തെ എബിറ്റ്ഡ മാർജിൻ ഒന്നാം പാദത്തിലെ 7.9 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തിൽ 13.2 ശതമാനമായി മെച്ചപ്പെട്ടു.

ആസ്റ്ററിന്റെ സുപ്രധാനമായ ആശുപത്രി-ക്ലിനിക് ബിസിനസ്സ് 24.4 ശതമാനം പ്രവ‍ർത്തന ലാഭം മാർജിൻ നിലനിർത്തി. ഇത് കഴിഞ്ഞ വർഷത്തെ 24 ശതമാനത്തിൽ നിന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 25.9 ൽ നിന്ന് 26.5 ശതമാനമായി മാർജിനുകൾ ഉയർന്നു. ആസ്റ്റർ മെഡ്‌സിറ്റി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം വരുമാന വർദ്ധനവും, 28 ശതമാനം പ്രവ‍ർത്തന എബിറ്റ്ഡ വർദ്ധനവും രേഖപ്പെടുത്തി, 32 ശതമാനം എബിറ്റ്ഡ മാർജിൻ നേടി. ആസ്റ്റർ വൈറ്റ്‌ഫീൽഡും മികച്ച പ്രകടനം കാഴ്ചവെച്ചു. വരുമാനം 27 ശതമാനം വർധിക്കുകയും പ്രവ‍ർത്തന ലാഭം 41 ശതമാനം വർധിക്കുകയും ചെയ്തു.

കമ്പനിയുടെ രോഗനി‍ർണയ സേവനവിഭാഗമായ ആസ്റ്റർ ലാബ്സ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം മികച്ച വളർച്ച രേഖപ്പെടുത്തി. പ്രവ‍ർത്തന ലാഭം 86 ശതമാനം വർധിച്ചു. 17.8 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 11 ശതമാനത്തിനും, നടപ്പ് സാമ്പത്തിക വ‍ർഷത്തിലെ, ഒന്നാം പാദത്തിലെ 7.6 ശതമാനത്തേക്കാളും കൂടുതലാണ്. പ്രവർത്തനക്ഷമതയും, ബിസിനസ് വ്യാപനവും ഈ നേട്ടത്തിന് കാരണമായി.

Related Stories

No stories found.
Times Kerala
timeskerala.com