Dr. Azad Moopen: രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ

Azad Moopen
user
Published on

ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടിരൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയിൽ മുൻനിരയിൽ എത്തിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ ഉള്ള മറ്റുള്ളവർ.

നിക്ഷേപകർക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ 2 രൂപയുടെ അന്തിമ ഓഹരിവിഹിതവും 4 രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകർക്ക് നൽകി. നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കമ്പനിയുടെ 42% ഓഹരികളാണ് ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്.

ഇക്കാലയളവിൽ ഡോ. ആസാദ് മൂപ്പന്റെ സമ്പത്ത് വളർന്നു എന്നതിനപ്പുറം, ഒരു കമ്പനി എന്ന നിലയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കാഴ്ചവയ്ക്കുന്ന ശക്തവും സുദൃഢവുമായ സാമ്പത്തിക പ്രകടനത്തിന്റെ കൂടി സൂചനയാണ് ഈ നേട്ടം. ഇന്ത്യയിലും ഗൾഫ് മേഖലയിലും ഉന്നതനിലവാരമുള്ള സമഗ്രമായ ചികിത്സയും പരിചരണവും നൽകുന്ന ആശുപത്രി ശൃംഖലയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ.

ഇതേ വർഷം തന്നെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനവും പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയമാണ്. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ ബ്ലാക്ക്സ്റ്റോണിന്റെ പിന്തുണയോടെ നിലവിൽ വരുന്ന "ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ", ലയനനടപടികൾ പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറും. ഈ വിശാല ശൃംഖലയിലെ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. 27 നഗരങ്ങളിലായി 10,300 ലേറെപ്പേരെ കിടത്തി ചികില്സിക്കാനുള്ള പ്രാപ്തിയും നേടും.

പട്ടികയിലുള്ള മറ്റ് വ്യവസായികളെ അപേക്ഷിച്ച്, ആതുരസേവന രംഗത്തെ മികവിനും സാമൂഹികപരിരക്ഷയ്ക്കും വേണ്ടി പ്രവർത്തിച്ച് ആ പട്ടികയിൽ ഇടംനേടിയ ഒരേയൊരാൾ ഡോ. ആസാദ് മൂപ്പനാണ്. 1987ൽ ദുബായിൽ സ്ഥാപിച്ച ഒരു ചെറിയ ക്ലിനിക്കിൽ നിന്നാണ് ഇന്ന് 900ലേറെ ആശുപത്രികളുള്ള വലിയൊരു പ്രസ്ഥാനമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ വളർന്നത്. ഏഴ് രാജ്യങ്ങളിലായി 34,000 ലധികം പേർക്ക് ജോലിയും നൽകി. തുടക്കക്കാലം മുതൽ സുസ്ഥിരതയ്ക്കും പ്രവർത്തനമികവിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഡോ. ആസാദ് മൂപ്പൻ വൈദ്യശാസ്ത്ര രംഗത്ത് തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിക്കൊണ്ടുവന്നത്.

2011ൽ ഡോ. ആസാദ് മൂപ്പനെ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു. കൂടാതെ കേന്ദ്രസർക്കാർ നൽകുന്ന “പ്രവാസി ഭാരതീയ സമ്മാൻ” പദവിയും സ്വീകരിച്ചു.

ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ടവർക്കും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും കൂടി മികച്ച ചികിത്സ ലഭ്യമാക്കുന്നതിൽ പകരംവെയ്ക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരേസമയം രോഗികൾക്ക് കാരുണ്യസ്പർശമേകുന്ന ഡോക്ടറായും ആദർശശാലിയായ ബിസിനസുകാരനായും പേരെടുത്തു. വയനാട്ടിലെ ചികിത്സാസംവിധാനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്ത് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഒരു മെഡിക്കൽ കോളേജ് സ്ഥാപിച്ചു. കേരളത്തിലെ മലയോര, ആദിവാസിമേഖലയിൽ, അതും ഒരു പിന്നാക്ക ജില്ലയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മെഡിക്കൽ കോളേജ് ആണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. വയനാട് ജില്ലയിലെ ആരോഗ്യരംഗം മാറ്റിമറിക്കുന്നതിൽ ഈ നീക്കം നിർണായകമായി.

2016ൽ തുടങ്ങിയ ആസ്റ്റർ വോളന്റിയേഴ്‌സ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നായി ഇതിനോടകം വളർന്നു. 85,000 ലധികം സന്നദ്ധ പ്രവർത്തകരാണ് നിലവിൽ ആസ്റ്റർ വോളന്റിയേഴ്‌സിൽ ഉള്ളത്. വിദൂരമേഖലകളിൽ ചികിത്സാ സഹായം എത്തിക്കുക, അടിയന്തിര ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങൾ. 2018ലെ പ്രളയകാലത്ത് ദുരിതബാധിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് ഡോ. ആസാദ് മൂപ്പൻ പ്രഖ്യാപിച്ചിരുന്നു. 2022ൽ ആ വാഗ്ദാനം പൂർത്തിയാക്കി. 255 വീടുകൾ നിർമിച്ച് താക്കോൽ കൈമാറി. 2023ലെ വയനാട് ഉരുൾപൊട്ടൽ ദുരന്തകാലത്തും സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. സ്വന്തം ടീമിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരെ ദുരന്തമുഖത്ത് എത്തിച്ച് വേണ്ട സഹായങ്ങൾ ചെയ്തുനൽകി.

വളർച്ചയുടെ പുതിയൊരു ഘട്ടത്തിലേക്കാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇപ്പോൾ. സാമൂഹികനന്മയിൽ ഊന്നിക്കൊണ്ടുള്ള ആതുരസേവന പ്രവർത്തനത്തിലൂടെ ശക്തമായ സാമ്പത്തിക അടിത്തറയും നേടാമെന്ന് സ്വജീവിതം കൊണ്ട് മാതൃകയാവുകയാണ് ഡോ. ആസാദ് മൂപ്പൻ.

Related Stories

No stories found.
Times Kerala
timeskerala.com