പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ താമസിക്കുന്ന പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് അസോസിയേഷൻ നോട്ടീസ് നൽകി. ഈ മാസം 25-നകം ഫ്ലാറ്റ് വിട്ടുപോകണമെന്നാണ് നോട്ടീസിലെ നിർദേശം.(Association issues notice to Rahul Mamkootathil to vacate flat)
ഫ്ലാറ്റിൽ താമസിക്കുന്ന മറ്റ് അന്തേവാസികൾക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അസോസിയേഷന്റെ നിർദേശം ലഭിച്ചതിന് പിന്നാലെ ഉടൻ തന്നെ ഫ്ലാറ്റ് ഒഴിയാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകൾക്കുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് ഫ്ലാറ്റിലെ മറ്റ് അന്തേവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഈ ബുദ്ധിമുട്ടുകൾ അറിയിച്ചുകൊണ്ടാണ് രാഹുലിന് നിലവിൽ ഫ്ലാറ്റ് ഒഴിയാൻ നിർദേശം നൽകി അസോസിയേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
ബലാത്സംഗ കേസിൽ 15 ദിവസത്തോളം ഒളിവിലായിരുന്ന രാഹുൽ ഇന്നലെ പൊതുജനമധ്യത്തിലെത്തി. പാലക്കാട് കുന്നത്തൂർമേടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവ് അവസാനിപ്പിച്ചത്. ഒളിവ് അവസാനിപ്പിച്ച് തിരിച്ചെത്തിയ രാഹുൽ നിലവിൽ പാലക്കാട് തന്നെയാണ് തുടരുന്നത്.
രണ്ടാമത് രജിസ്റ്റർ ചെയ്ത കേസിൽ താൽക്കാലികമായി അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ ഉണ്ടാകുന്ന തീരുമാനം അറിഞ്ഞ ശേഷമായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർനീക്കങ്ങൾ. ഈ 'തിരിച്ചുവരവ്' കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നാഭിപ്രായങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.