

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരരംഗത്ത് സജീവമാകുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതിനിധീകരിക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ് അൻവറിന്റെ നീക്കം. മണ്ഡലത്തിൽ വോട്ടർമാരെ നേരിട്ട് കണ്ട് അദ്ദേഹം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.(Assembly elections, PV Anvar enters the fray in Beypore)
ബേപ്പൂരിൽ താൻ മത്സരിക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബവാഴ്ചയ്ക്കും 'മരുമോനിസ'ത്തിനും എതിരെയാണെന്ന് അൻവർ പ്രഖ്യാപിച്ചു. മരുമോൻ ഭരണത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയതോടെയാണ് 'സഖാവ് പിണറായി' അല്ലാതായി മുഖ്യമന്ത്രി മാറിയത്. മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തത് എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ പല മുതിർന്ന ഇടത് നേതാക്കളെയും അവഗണിച്ചു. അവഗണിക്കപ്പെട്ട ഈ നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ തനിക്ക് ലഭിക്കുമെന്ന് അൻവർ അവകാശപ്പെട്ടു. ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായാണ് ബേപ്പൂർ അറിയപ്പെടുന്നത്. എന്നാൽ, സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്നാണ് കണക്കുകൂട്ടൽ.