

കൊല്ലം: കെ.ബി. ഗണേഷ് കുമാറിലൂടെ ഇടത് മുന്നണി നിലനിർത്തുന്ന പത്തനാപുരം കോട്ടയിൽ ഇത്തവണ വിള്ളലുണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. അഞ്ച് തവണ തുടർച്ചയായി വിജയിച്ച ഗണേഷിന് ഇത്തവണ വെല്ലുവിളി ഉയർത്തുന്നത് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജ്യോതികുമാർ ചാമക്കാലയാണ്.(Assembly elections, KB Ganesh Kumar again in Pathanapuram?)
ഓരോ തവണയും എതിരാളികൾ മാറി വരുന്നത് ഗണേഷ് കുമാറിന് ഗുണകരമായിരുന്നു. എന്നാൽ കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ വീടെടുത്ത് താമസിച്ച് സജീവമായ ജ്യോതികുമാർ ചാമക്കാല ഇത്തവണ ഗണേഷിന് ശക്തമായ പ്രതിരോധം തീർക്കുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ 6 എണ്ണവും യുഡിഎഫ് പിടിച്ചെടുത്തു. കൂടാതെ 20 ബ്ലോക്ക് ഡിവിഷനുകളിൽ 16 എണ്ണവും യുഡിഎഫിനൊപ്പമാണ്. കേരള കോൺഗ്രസ് (ബി)-ക്ക് ആകെ 5 വാർഡുകൾ മാത്രമാണുള്ളത് എന്നത് ഗണേഷിന് ആശങ്കയുണ്ടാക്കുന്ന ഘടകമാണ്.
ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, ആർ. ബാലകൃഷ്ണപിള്ള എന്നീ അതികായന്മാരുടെ മരണശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2001-ൽ പ്രകാശ് ബാബുവിനെ തോൽപ്പിച്ച് നിയമസഭയിലെത്തിയ ഗണേഷ് കുമാർ, പിന്നീട് നടന്ന 2006, 2011 തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയം തുടർന്നു.