കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കരുതെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ തവണത്തെ സംഭവത്തിൽ പ്രാദേശിക തലത്തിൽ ഉണ്ടായ വൻ പ്രതിഷേധം ആവർത്തിക്കുമെന്ന മുന്നറിയിപ്പാണ് ഡി.സി.സി നൽകുന്നത്.(Assembly elections, District Congress leadership says Elathur seat should not be given to constituent parties)
എൻ.സി.കെ സ്ഥാനാർത്ഥിയായി സുൾഫിക്കർ മയൂരി എത്തിയപ്പോൾ ഡി.സി.സി സെക്രട്ടറി ദിനേശ് മണി വിമതനായി രംഗത്തെത്തിയിരുന്നു. മണ്ഡലം പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളും ഔദ്യോഗിക സ്ഥാനാർത്ഥിയെ തള്ളിക്കളഞ്ഞത് യു.ഡി.എഫിനെ വെട്ടിലാക്കി.
എം.കെ. രാഘവൻ എം.പി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രാദേശിക വികാരത്തിനൊപ്പം നിന്നതും ഡി.സി.സി ഓഫീസിൽ നടന്ന കയ്യാങ്കളിയും നേതൃത്വത്തിന് വലിയ തിരിച്ചടിയായി. അനുനയ ചർച്ചകൾക്കൊടുവിൽ വിമതർ പിന്മാറിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു.
ഫലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ 38,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജില്ലയിൽ എൽ.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലമായി എലത്തൂർ മാറി. ബി.ജെ.പി ഇവിടെ 32,000 വോട്ടുകൾ പിടിച്ചതും യു.ഡി.എഫിന് ആശങ്കയുണ്ടാക്കിയിരുന്നു. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ഭരണം പിടിക്കാൻ കഴിഞ്ഞത് യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നതിന്റെ തെളിവാണ്.
സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ മാത്രമേ പ്രവർത്തകർ സജീവമാകുകയുള്ളൂ. പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ ഇത്തവണ അംഗീകരിക്കില്ലെന്ന് താഴെത്തട്ടിലുള്ള ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന കർശന റിപ്പോർട്ട് ഡി.സി.സി കെ.പി.സി.സിക്ക് കൈമാറും.