

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നിർണ്ണായകമായ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഇന്നു മുതൽ 18-ാം തീയതി വരെ നീണ്ടുനിൽക്കുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ദേശീയ തലത്തിലുള്ള സമരപരിപാടികൾക്കും രൂപം നൽകും.(Assembly elections, CPM central committee meeting to begin in Thiruvananthapuram today)
കേരളം, തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പാർട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനമായതിനാൽ കേരളത്തിലെ ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള ചർച്ചകൾക്കാണ് യോഗം മുൻഗണന നൽകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമോ എന്ന കാര്യത്തിൽ ഈ യോഗത്തിൽ ഔദ്യോഗികമായ വ്യക്തത വരുമെന്നാണ് സൂചന. പിബി അംഗം കൂടിയായ അദ്ദേഹം തന്നെ ടീമിനെ നയിക്കാനാണ് നിലവിൽ എല്ലാ സാധ്യതയും. കഴിഞ്ഞ തവണ നടപ്പിലാക്കിയ 'രണ്ടു ടേം' വ്യവസ്ഥയിൽ ഇളവ് വേണമോ എന്ന കാര്യത്തിൽ പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തേക്കും.
സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് പുറമെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടവും കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയിലുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾക്കെതിരെ ദേശീയതലത്തിൽ സമരം സംഘടിപ്പിക്കുക. പുതിയ തൊഴിൽ കോഡിനെതിരെ തൊഴിലാളി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾ ആവിഷ്കരിക്കുക. തിരുവനന്തപുരത്ത് നടക്കുന്ന ഈ യോഗം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ലൈൻ വ്യക്തമാക്കാനും സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.