തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനായി കർശനമായ 'ത്രീ ടേം' നിബന്ധന തുടരാൻ സി.പി.ഐയിൽ ധാരണ. മൂന്ന് തവണ എം.എൽ.എമാരായവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടെന്നാണ് പാർട്ടിയുടെ പ്രാഥമിക തീരുമാനം. ഈ മാസം 23-ന് ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.(Assembly elections, CPI to continue 'three-term' condition in candidate selection)
ഈ നിബന്ധന നടപ്പിലാക്കുന്നതോടെ നിലവിലെ 17 എം.എ.ൽഎമാരിൽ ആറ് പേർക്ക് മാറിനിൽക്കേണ്ടി വരും. കാഞ്ഞങ്ങാട്, നാദാപുരം, അടൂർ, ചാത്തന്നൂർ, പുനലൂർ, ചിറയിൻകീഴ് മണ്ഡലങ്ങളിലാണ് ഈ സ്ഥിതിയുള്ളത്. ഈ സാഹചര്യത്തിൽ ആറ് മണ്ഡലങ്ങളിലായി പുതിയ മുഖങ്ങളെ കണ്ടെത്തേണ്ട ദൗത്യം സി.പി.ഐ നേതൃത്വത്തിന് മുന്നിലുണ്ട്.
അതേസമയം, നിലവിലെ മന്ത്രിമാർക്ക് മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല. മന്ത്രിമാരിൽ കെ. രാജൻ ഒഴികെയുള്ളവരെല്ലാം ഒരു തവണ മാത്രം എം.എൽ.എ ആയവരാണ്.