തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി സിപിഐ. സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടിയുടെ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവുമാണ് നടക്കുന്നത്.(Assembly elections, CPI enters candidate discussions)
എൽഡിഎഫ് സർക്കാരിലെ സിപിഐയുടെ നാല് മന്ത്രിമാരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ജനവിധി തേടുമെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങൾ. നിലവിൽ രണ്ട് തവണ മത്സരിച്ച കെ രാജന് ഒരു തവണ കൂടി അവസരം നൽകുന്നതിൽ പാർട്ടിക്ക് തടസ്സമില്ല.
നിലവിലെ മന്ത്രിമാരിൽ ബാക്കി മൂന്ന് പേരും ഓരോ തവണ മാത്രമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത്. ഇവർക്ക് ഒരു ടേം കൂടി നൽകണമെന്നതാണ് പാർട്ടിയുടെ നിലവിലെ പൊതുവായ വിലയിരുത്തൽ. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യോഗത്തിൽ നടക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കർശനമായ ടേം വ്യവസ്ഥ പാലിക്കുന്ന പാർട്ടിയാണെങ്കിലും, ഇത്തവണ വിജയസാധ്യത മുൻനിർത്തി ചില ഇളവുകൾ നൽകാൻ സാധ്യതയുണ്ട്.
മൂന്ന് ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാർ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല. ഇവർക്ക് ഇളവ് നൽകേണ്ടതില്ലെന്നാണ് പാർട്ടിയിലെ പ്രാഥമിക ധാരണ. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, മോശം പ്രകടനം കാഴ്ചവെച്ച ചില എംഎൽഎമാരെ മാറ്റിനിർത്താനും പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്.