തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന 'ടേം വ്യവസ്ഥ'യിൽ ഇളവ് വരുത്താൻ സി.പി.ഐ.എം ഒരുങ്ങുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായി, വിജയസാധ്യതയും പരിചയസമ്പത്തും മുൻനിർത്തി പ്രമുഖ നേതാക്കളെ വീണ്ടും അങ്കത്തട്ടിലിറക്കാനാണ് പാർട്ടിക്കുള്ളിലെ ചർച്ചകൾ.(Assembly elections, Chief Minister Pinarayi Vijayan to contest again)
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, വീണാ ജോർജ് തുടങ്ങിയ പ്രമുഖ നേതാക്കളെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്.
എം.എൽ.എമാർക്ക് രണ്ട് തവണ, മന്ത്രിമാർക്ക് ഒരു തവണ എന്ന കർശന വ്യവസ്ഥ ഒഴിവാക്കി, ഓരോ മണ്ഡലത്തിലെയും സാഹചര്യം വിലയിരുത്തി സ്ഥാനാർത്ഥികളെ നിശ്ചയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ മറികടന്ന് മൂന്നാം തവണയും അധികാരം നിലനിർത്തുക എന്നതാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പിലാക്കിയതിനെത്തുടർന്ന് പല മുതിർന്ന നേതാക്കൾക്കും മാറിനിൽക്കേണ്ടി വന്നിരുന്നു. എന്നാൽ, മണ്ഡലങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ജനകീയരായ നേതാക്കളെ തന്നെ രംഗത്തിറക്കണമെന്നാണ് നിലവിലെ വിലയിരുത്തൽ.
സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. നിലവിൽ ജില്ലാ കമ്മിറ്റികൾ ചേർന്നതിന് ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലുള്ള റിപ്പോർട്ടിംഗിലേക്ക് പാർട്ടി കടന്നിരിക്കുകയാണ്. ഇതിന് ശേഷമാകും സംസ്ഥാന കമ്മിറ്റി ടേം വ്യവസ്ഥയിലെ മാറ്റം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടത്തുക.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ജനവിധി തേടുമെന്ന് എ.കെ. ബാലൻ പറഞ്ഞു. പാർട്ടിയിലെ 'രണ്ട് ടേം' വ്യവസ്ഥ അനിവാര്യമായ ഘട്ടങ്ങളിൽ മാറ്റം വരുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ മത്സരരംഗത്തുണ്ടാകുന്നത് എൽ.ഡി.എഫിന് വലിയ ഗുണം ചെയ്യുമെന്നും ബാലൻ കൂട്ടിച്ചേർത്തു.
"സി.പി.എമ്മിലെ നിബന്ധനകൾ ഒന്നും ഇരുമ്പുലക്കയല്ല. വിജയസാധ്യതയും രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് ടേം വ്യവസ്ഥയിൽ ഇളവ് നൽകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര് നേതൃത്വം നൽകുന്നോ അവർ തന്നെയാകും അടുത്ത മുഖ്യമന്ത്രി" എന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. നൂറിലധികം സീറ്റുകൾ കിട്ടുമെന്ന യു.ഡി.എഫ് മോഹം 'മലർപ്പൊടിക്കാരന്റെ സ്വപ്നം' മാത്രമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ് പൂർണ്ണമായും അബോർട്ട് ചെയ്യപ്പെടും. രണ്ടാം പിണറായി സർക്കാർ അത്ഭുതങ്ങൾ കാണിച്ച സർക്കാരാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം നൽകി വീണ്ടും അധികാരത്തിലേറ്റും.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്നും മുസ്ലീം ലീഗിനെയാണ് വിമർശിച്ചതെന്നും ബാലൻ പറഞ്ഞു. അതിൽ തെറ്റൊന്നുമില്ല. സി.പി.ഐയും വെള്ളാപ്പള്ളിയും തമ്മിലുള്ള തർക്കം അവരുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.