

കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായ ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു. 'കിഷ്‌കിന്ധകാണ്ഡം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജിസ് ജോയിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ ഒരു പക്കാ 'ഫീൽ ഗുഡ്' ഗണത്തിൽപ്പെടുന്ന സിനിമയാണിതെന്നാണ് സൂചന.
ജിസ് ജോയിയുടെ ആദ്യ ചിത്രമായ 'ബൈസിക്കിൾ തീവ്സ്' മുതൽ തുടങ്ങിയതാണ് ആസിഫ് അലിയുമായുള്ള ഈ ബന്ധം. പിന്നീട് വന്ന സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെവരെ, തലവൻ എന്നീ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി മാറി. കുഞ്ചാക്കോ ബോബൻ നായകനായ 'മോഹൻകുമാർ ഫാൻസി'ൽ ആസിഫ് അതിഥി വേഷത്തിലും എത്തിയിരുന്നു.
രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം 'ടിക്കി ടാക്ക'യുടെ തിരക്കിലാണ് ആസിഫ് അലി ഇപ്പോൾ. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ പീരീഡ് ഡ്രാമയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നസ്ലിൻ, ലുക്മാൻ, വാമിഖ ഗബ്ബി തുടങ്ങി വലിയ താരനിര തന്നെ ഇതിലുണ്ട്.
മാത്തുകുട്ടി സേവ്യർ, സ്റ്റെഫി സേവ്യർ എന്നിവരുടെ ചിത്രങ്ങളിലും ആസിഫ് അലി തന്നെയാണ് നായകൻ.
ടിക്കി ടാക്കയുടെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ആസിഫ് അലി ജിസ് ജോയ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.